വനംകൊള്ളക്കാരൻ വീരപ്പന്‍റെ സഹോദരൻ മാതയ്യൻ മരിച്ചു
text_fieldsമാതയ്യൻ
ചെന്നൈ: സേലം സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുന്ന വനംകൊള്ളക്കാരൻ വീരപ്പന്‍റെ സഹോദരൻ മാതയ്യൻ മരിച്ചു. 80 വയസായിരുന്നു. ബുധനാഴ്ച പുലർച്ചെ ആറോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മേയ് ഒന്നിന് കടുത്ത നെഞ്ചുവേദനയെ തുടർന്ന് സർക്കാർ മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രമേഹവും മൂർഛിച്ചിരുന്നു.
1987ൽ സത്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസറായ ചിദംബരത്തെ കൊലപ്പെടുത്തിയ കേസിലാണ് ഈറോഡ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 34 വർഷമായി മാതയ്യൻ ജയിലിൽ കഴിയുകയാണ്. കർണാടക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൈസൂരുവിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്ന മാതയ്യനെ പിന്നീട് കോയമ്പത്തൂർ ജയിലിലേക്ക് മാറ്റി. ഏഴുവർഷത്തിനുശേഷമാണ് സേലം സെൻട്രൽ ജയിലിലെത്തിയത്.
സേലം ജില്ലയിലെ മേട്ടൂരിനടുത്തുള്ള കടുമലക്കൂടൽ സ്വദേശിയാണ്. ഭാര്യ: പളനിയമ്മാൾ. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. രോഗബാധിതനായ മാതയ്യനെ മാനുഷിക പരിഗണന നൽകി ജയിലിൽനിന്ന് വിട്ടയക്കണമെന്ന് പാട്ടാളി മക്കൾ കക്ഷി ഉൾപ്പെടെ വിവിധ രാഷ്ട്രീയ കക്ഷികളും തമിഴ് സംഘടനകളും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
മാതയ്യനെ ജയിൽ മോചിതനാക്കുന്ന വിഷയത്തിൽ തമിഴ്നാട് സർക്കാറിന് തീരുമാനമെടുക്കാമെന്ന് 2017 ഒക്ടോബർ മൂന്നിന് മദ്രാസ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും നടപ്പായില്ല. 2004ലാണ് വീരപ്പനെ തമിഴ്നാട് ദ്രുതകർമസേന വെടിവെച്ച് കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

