പ്രായം വില്ലനായി, കോഡിങ് മത്സരം ജയിച്ച് നേടിയ 33 ലക്ഷത്തിന്‍റെ ജോലി നഷ്ടമായി
text_fieldsവേദാന്ത് ദിയോക്‌തെ കോഡിങ് പരിശീലനത്തിൽ
സ്വപ്നം കണ്ട ജോലി കരസ്ഥമാക്കുക എന്നതാണ് പ്രായഭേദമന്യേ എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ, പ്രായകുറവിന്‍റെ പേരിൽ ആ ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാലോ. അത്തരം ഒരു സാഹചര്യത്തിലുടെ കടന്നു പോവുകയാണ് നാഗ്പൂർ സ്വദേശിയും 15കാരനുമായ വിദ്യാർഥി വേദാന്ത് ദിയോക്‌തെ.
അമ്മയുടെ ലാപ്‌ടോപ്പിൽ ഇൻസ്റ്റാഗ്രാം പേജ് പരിശോധിക്കുന്നതിനിടെയാണ് ഒരു വെബ് ഡെവലപ്‌മെന്റ് മത്സരത്തെ കുറിച്ച് വേദാന്തിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. മത്സരത്തിൽ പ്രവേശിച്ച വേദാന്ത് രണ്ട് ദിവസത്തിനുള്ളിൽ 2,066 വരി കോഡ് എഴുതി. ഫലങ്ങൾ വന്നപ്പോൾ മത്സരത്തിൽ വിജയിച്ചത് വേദാന്ത് തന്നെ. മികച്ച നേട്ടത്തിന് പിന്നാലെ മത്സരം സംഘടിപ്പിച്ച യു.എസ് ആസ്ഥാനമായ കമ്പനി സ്ഥിരം ജോലിയും പ്രതിവർഷം 33 ലക്ഷം രൂപ പ്രതിഫലവും വേദാന്തിന് വാഗ്ദാനം ചെയ്തു.
പിന്നീടാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. വേദാന്തിന് 15 വയസ് മാത്രം പ്രായമുള്ളൂവെന്ന് അറിഞ്ഞതോടെ കമ്പനി ജോലി വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടുപോയി. 1000 മത്സരാർഥികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥിക്ക് ന്യൂജഴ്‌സിയിലെ ഒരു പരസ്യ കമ്പനിയുടെ എച്ച്.ആർ. വിഭാഗത്തിലാണ് ജോലി ലഭിച്ചത്.
ജോലി ലഭിക്കാത്തതിൽ നിരാശ തോന്നരുതെന്നും വിദ്യാഭ്യാസം പൂർത്തിയാക്കണമെന്നും വേദാന്തിനോട് കമ്പനി അധികൃതർ ഉപദേശിച്ചു. താങ്കളുടെ അനുഭവം, പ്രഫഷണലിസം, സമീപനം എന്നിവ മതിപ്പുളവാക്കുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കമ്പനിയുമായി ബന്ധപ്പെടണമെന്ന പുതിയ വാഗ്ദാനവും അധികൃതർ വേദാന്തിന് നൽകി.
കോഡിങ്ങിലെ കഴിവ് രണ്ട് ഡസനിലധികം ഓൺലൈൻ ക്ലാസുകളിൽ നിന്നും സ്വയം പഠിച്ചാണ് വേദാന്ത് ആർജിച്ചത്. കോഡിങ്, സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്‍റ് എന്നിവയിലാണ് വിദ്യാർഥി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അമ്മയുടെ വേഗത കുറഞ്ഞതും കാലഹരണപ്പെട്ടതുമായ ലാപ്‌ടോപ്പ് ആണ് സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്‍റ് പരിശീലനത്തിനായി വേദാന്ത് ഉപയോഗിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

