കേന്ദ്ര സർക്കാർ എല്ലാത്തിനെയും ഭയക്കുന്നു, എല്ലാവരേയും ഭയപ്പെടുത്തുന്നു; പക്ഷെ കോൺഗ്രസ് ഭയക്കുന്നില്ല -വി.ഡി. സതീശൻ
text_fieldsപ്രതിഷേധത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ രാഹുൽ ഗാന്ധിക്കൊപ്പം
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യം ഉന്നയിച്ച് കോക്കോറോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നീക്കിയതിനെതിരെ പ്രതിഷേധവുമായി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. രാഹുൽ ഗാന്ധിയും ഒപ്പമുള്ളവരും പറയുന്നത് രാജ്യത്തിൻ്റെ വികാരമാണെന്നും അതിനെ അടിച്ചമർത്താമെന്ന് കരുതുന്നുവെങ്കിൽ അത് മൗഢ്യമാണെന്നും വി.ഡി. സതീശൻ സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യത്തിൻ്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് നിരത്തിൽ വലിച്ചിഴച്ചതും പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും ഡൽഹി പൊലീസിന്റെ ജനാധിപത്യവിരുദ്ധമായ അതിക്രമാണ്. വിദ്യാർഥികളുടെ ന്യായമായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ് ഞങ്ങളുടെ നേതാക്കളും ജനപ്രതിനിധികളും ചെയ്ത തെറ്റ്. ഇന്നലെ ഡൽഹിയിലെ തെരുവുകളിൽ വിദ്യാർഥികളുടെ ചോര വീണു. ഫാസിസം നിറഞ്ഞാടി. അതിൻ്റെ തുടർച്ചയാണ് ഇന്നും കണ്ടത്. കേന്ദ്ര സർക്കാർ എല്ലാത്തിനെയും ഭയക്കുന്നു. എല്ലാവരേയും ഭയപ്പെടുത്തുന്നു. പക്ഷെ ഭീതിയുടെ രാഷ്ട്രീയത്തെ കോൺഗ്രസ് ഭയക്കുന്നില്ല എന്ന് വി.ഡി. സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിയും ഒപ്പമുള്ളവരും പറയുന്നത് രാജ്യത്തിൻ്റെ വികാരമാണ്. അതിനെ അടിച്ചമർത്താമെന്ന് കരുതുന്നുവെങ്കിൽ അത് മൗഢ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തലസ്ഥാന നഗരമായ ഡൽഹിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെയാണ് പൊലീസ് അടിച്ചമർത്തിയത്. പ്രതിഷേധക്കാർക്ക് പിന്തുണയുമായാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ എം.പി, മുഖ്യമന്ത്രി വി.ഡി. സതീശൻ എന്നിവർ പാർലമെന്റ് പരിസരത്തെത്തിയത്. പ്രതിഷേധം കനത്തതോടെയാണ് ഡൽഹി പൊലീസ് നേതാക്കന്മാരെ അറസ്റ്റ് ചെയ്ത നീക്കിയത്. പൊലീസിന് വഴങ്ങാതെ വന്ന നേതാക്കന്മാരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനങ്ങളിൽ കയറ്റിയത്. അറസ്റ്റിനിടെ രാഹുൽ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

