അപമാനം സഹിച്ച് എന്തിന് സ്റ്റാലിനൊപ്പം നിൽക്കുന്നു; സി.പി.എമ്മിനെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് എടപ്പാടി
text_fieldsചെന്നൈ: സി.പി.എം ഉൾപ്പടെയുള്ള ഇടതുപാർട്ടികളേയും വി.സി.കെയും മുന്നണിയിലേക്ക് ക്ഷണിച്ച് എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി. ഡി.എം.കെ വിട്ടുവന്നാൽ അവരെ സ്വീകരിക്കുമെന്ന് എടപ്പാടി പറഞ്ഞു. ഒരു സമ്മേളനം നടത്താൻ പോലും അനുമതി നൽകാത്ത സ്റ്റാലിനൊപ്പം ഇനിയും എന്തിനാണ് നിൽക്കുന്നതെന്നും എടപ്പാടി പളനിസ്വാമി ചോദിച്ചു.
ജില്ലാപര്യടനത്തിനിടെ തിരുമണവാളനേയും കമ്യൂണിസ്റ്റ് പാർട്ടികളേയും എടപ്പാടി വിമർശിച്ചിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിക്ക് വില്ലുപുരം സമ്മേളനം നടത്തുന്നതിന് അനുമതി നിഷേധിച്ചതും തിരുച്ചിറപ്പള്ളിയിൽ വി.സി.കെ പരിപാടി നടത്താൻ അനുവദിക്കാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് വിമർശനം. ഈ പാർട്ടികൾ ഡി.എം.കെ സഖ്യത്തിൽ തുടരുന്നത് സംബന്ധിച്ച് പുനരാലോചന വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ ഒമ്പത് മാസം മാത്രം ശേഷിക്കെയാണ് എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും തമ്മിൽ സഖ്യമുണ്ടാക്കിയത്. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുകയാണ് എടപ്പാടിയിപ്പോൾ. ഇതിനിടെ ചിദംബരം മണ്ഡലത്തിലെത്തിയപ്പോഴാണ് ഇടതുപാർട്ടികളും വി.സി.കെയും സഖ്യം വിടണമെന്ന ആവശ്യം അദ്ദേഹം ഉയർത്തിയത്.
അതേസമയം, ബി.ജെ.പി, പി.എം.കെ പാർട്ടികൾക്കൊപ്പം സഖ്യം ചേരാൻ താനില്ലെന്ന് വി.സി.കെ നേതാവ് തിരുമണവാളൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2019 മുതൽ വി.സി.കെ ഡി.എം.കെ സഖ്യത്തിനൊപ്പമുണ്ട്. വടക്കൻ ജില്ലകളിൽ വി.സി.കെയുടെ സ്വാധീനം വർധിക്കുന്നത് കണ്ടാണ് എ.ഐ.എ.ഡി.എം.കെയുടെ ക്ഷണമെന്ന് വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

