Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിബി ജി റാംജി പദ്ധതി; സംസ്ഥാനങ്ങൾക്ക് ആറിരട്ടി അധിക ബാധ്യതയെന്ന് പഠനം

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: കേന്ദ്രത്തിന്റെ പുതിയ ഗ്രാമീണ തൊഴിൽ പദ്ധതിയായ വികസിത് ഭാരത്-ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ) (വിബി ജി റാംജി) കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പാക്കിയിരുന്നെങ്കിൽ സംസ്ഥാനങ്ങൾക്ക് എം.ജി.എൻ.ആർ.ഇ.ജി.എയേക്കാൾ ആറിരട്ടി അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമായിരുന്നെന്ന് പഠന റിപ്പോർട്ട്.

പ്രമുഖ ഗവേഷണ സ്ഥാപനമായ പി.ആർ.എസ് ലെജിസ്ലേറ്റിവ് റിസർചിന്റെ 2026-27ലെ ‘സ്റ്റേറ്റ് ഓഫ് സ്റ്റേറ്റ് ഫിനാൻസസ്’ റിപ്പോർട്ടിലാണ് ഈ വിലയിരുത്തൽ. ഈ വർഷം ജൂലൈ ഒന്നിനാണ് പുതിയ പദ്ധതി നിലവിൽ വന്നത്. 2025-26 സാമ്പത്തിക വർഷത്തിൽ പുതിയ പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ സംസ്ഥാനങ്ങളുടെ ചെലവ് ഏകദേശം 33,000 കോടി രൂപയാകുമായിരുന്നുവെന്നാണ് റിപ്പോർട്ടിലെ കണക്ക്. പഴയ പദ്ധതിയിൽ സംസ്ഥാനങ്ങൾ ചെലവിട്ടത് 5,261 കോടി രൂപ മാത്രമാണ്. ബിഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ വലിയ സംസ്ഥാനങ്ങൾക്ക് 2,000 കോടി മുതൽ 3,000 കോടി രൂപ വരെ അധിക ബാധ്യതയുണ്ടാകുമായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എം.ജി.എൻ.ആർ.ഇ.ജി.എയിൽ 100 ദിവസമായിരുന്ന തൊഴിലുറപ്പ് പുതിയ പദ്ധതിയിൽ 125 ദിവസമായി ഉയർത്തിയിട്ടുണ്ട്. എന്നാൽ, ചെലവിന്റെ വലിയൊരു പങ്ക് സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരുന്നതാണ് സാമ്പത്തിക ബാധ്യത വർധിക്കാൻ കാരണം. എം.ജി.എൻ.ആർ.ഇ.ജി.എയിൽ അവിദഗ്ധ തൊഴിലാളികളുടെ വേതനം, സാമഗ്രികളുടെ ചെലവിന്റെ 75 ശതമാനം, ഭരണചെലവിന്റെ നിശ്ചിത വിഹിതം എന്നിവ കേന്ദ്രമാണ് വഹിച്ചിരുന്നത്. പുതിയ പദ്ധതിയിൽ കേന്ദ്രവും സംസ്ഥാനങ്ങളും ചെലവ് 60:40 അനുപാതത്തിൽ പങ്കിടും. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ഹിമാലയൻ സംസ്ഥാനങ്ങൾക്കും 90:10 അനുപാതമാണ്. സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന കേന്ദ്രവിഹിതത്തിന് പരിധിയുണ്ടാകും. അതിൽ കൂടുതലുള്ള ചെലവ് സംസ്ഥാനങ്ങൾ തന്നെ വഹിക്കണം.

പതിനാറാം ധനകാര്യ കമീഷന്റെ വിഹിത നിർണയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളുടെ വിഹിതം കണക്കാക്കുകയെന്ന് കരട് ചട്ടങ്ങൾ വ്യക്തമാക്കുന്നു. ഈ മാനദണ്ഡവും 2026-27ലെ കേന്ദ്ര ബജറ്റ് വിഹിതവും പരിഗണിച്ചാൽ 2025-26ൽ ആറു സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതം തികയുമായിരുന്നില്ല. 80 കോടി മുതൽ 650 കോടി രൂപ വരെ അധികമായി കണ്ടെത്തേണ്ടിവരുമായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

ഈ വർഷം ജൂണിൽ പുതിയ പദ്ധതി പ്രകാരം കുറഞ്ഞ ദിവസവേതനം 300 രൂപയായി കേന്ദ്രം നിശ്ചയിച്ചിരുന്നു. തുടർന്ന് സംസ്ഥാനങ്ങൾ 2026-27ലേക്കുള്ള വേതനനിരക്കുകൾ ഉയർത്തി. പുതുക്കിയ വേതനനിരക്കുകൾ കണക്കിലെടുത്താൽ സംസ്ഥാനങ്ങളുടെ ചെലവ് എം.ജി.എൻ.ആർ.ഇ.ജി.എയിലെ യഥാർഥ ചെലവിന്റെ ഏഴിരട്ടിയോളം വരുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. എന്നാൽ, എം.ജി.എൻ.ആർ.ഇ.ജി.എയിൽ 2025-26ൽ ഒരു കുടുംബത്തിന് ശരാശരി ലഭിച്ചത് 43 തൊഴിൽദിനങ്ങൾ മാത്രമാണ്. 100 ദിവസത്തെ മുഴുവൻ തൊഴിലും പ്രയോജനപ്പെടുത്തിയത് നാലു ശതമാനം കുടുംബങ്ങൾ മാത്രമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - VB G RAMJI Scheme Implementation Would Cost States 6 Times More
Next Story