വിബി-ജി റാം ജി ബിൽ: രാജ്യസഭയിലും നാടകീയ രംഗങ്ങൾ
text_fieldsന്യൂഡൽഹി: മഹാത്മഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റി വിബി-ജി റാം ജി എന്ന പേരിൽ കൊണ്ടുവന്ന ബിൽ പാസാക്കുന്നതിനിടെ ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും നാടകീയ രംഗങ്ങൾ.
വ്യാഴാഴ്ച വൈകീട്ട് രാജ്യസഭയിൽ ചർച്ചക്കെടുത്ത ബിൽ മന്ത്രിയുടെ മറുപടിയും കഴിഞ്ഞ് വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് പാസാക്കിയത്. ബിൽ അവതരിപ്പിച്ച ഗ്രാമ വികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ ചർച്ചക്ക് മറുപടി പറയുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധിച്ചു. ഇതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ സുഷ്മിത ദേവ്, മൗസം നൂര്‍ എന്നിവർ ഭരണപക്ഷം ഇരിക്കുന്ന സീറ്റിന് പിറകിലൂടെ വന്ന് മുദ്രാവാക്യം വിളിച്ചതായി ബി.ജെ.പി എം.പിമാർ പറഞ്ഞു. സഭാനടപടികൾ നിയന്ത്രിച്ചിരുന്ന രാജ്യസഭ ഉപാധ്യക്ഷൻ സി.പി രാധാകൃഷ്ണൻ പ്രതിഷേധക്കാരോട് നിരവധി തവണ ക്ഷുഭിതനായി.
ചർച്ചയിൽ സംസാരിക്കാൻ രാത്രി 11മണിയോടെ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ എഴുന്നേറ്റതോടെ ഭരണപക്ഷത്തുനിന്നും സംസാരിക്കാൻ അനുവദിക്കാതെ ബഹളം വെച്ചുവെന്നും ചരിത്രത്തിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ള ഒരു ബില്ലിൽ ന്യായമായ ചർച്ചപോലും അനുവദിക്കാതെ വന്നതോടെയാണ് പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങേണ്ടി വന്നതെന്നും സി.പി.എം അംഗം ഡോ.വി. ശിവദാസൻ പറഞ്ഞു.
പ്രതിഷേധിച്ചപ്പോൾ വാച്ച് ആൻഡ് വാർഡർമാരെ ഉപയോഗിച്ച് തടയാനുള്ള ശ്രമം ഉണ്ടായി. തുടർന്ന് ബില്ല് പാസാക്കാൻ എടുത്തപ്പോൾ എല്ലാ പ്രതിപക്ഷ അംഗങ്ങളും സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയെന്നും അർധ രാത്രിയിലെ നടപടികൾ വിശദീകരിച്ച് ഡോ. വി.ശിവദാസൻ പറഞ്ഞു.
പ്രതിപക്ഷം പുറത്തിറങ്ങിയതിന് പിന്നാലെ, തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് അർധരാത്രിയിൽ ധർണ ആരംഭിച്ചു. എം.പിമാരായ സാഗരിക ഘോഷ്, ഡെറിക് ഒബ്രിയോൺ, സുഷ്മിത ദേവ്, ഡോള സെന്‍, ഋതബ്രത ബാനര്‍ജി, മൗസം നൂര്‍, പ്രകാശ് ചിക് ബറൈക് തുടങ്ങിയവര്‍ നടത്തിയ ധർണ വെള്ളിയാഴ്ച പാർലമെൻറ് സമ്മേളനം അവസാനിക്കുന്നതുവരെ തുടർന്നു. പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് വെള്ളിയാഴ്ച ആം ആദ്മി പാർട്ടി, ശിവസേന യു.ബി.ടി എം.പിമാരും ധർണയിരിക്കുന്നയിടത്തേക്ക് എത്തുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

