Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി.​ബി ജി ​റാം ജി ’...

വി.​ബി ജി ​റാം ജി ’ ​ബി​ൽ ഇ​ന്ന് വോ​ട്ടി​നി​ടും; ജെ.​പി.​സി​ക്കും സെ​ല​ക്ട് ക​മ്മി​റ്റി​ക്കും വി​ടി​ല്ല, കാ​ര്യോ​പ​ദേ​ശ​ക സ​മി​തി​യി​ലെ പ്ര​തി​പ​ക്ഷ ആ​വ​ശ്യം ത​ള്ളി

text_fields
bookmark_border
Indian Parliament
cancel

ന്യൂഡൽഹി: ജനാധിപത്യ, പാർലമെന്റററി മര്യാദകൾ പാലിക്കാത്ത ഏകപക്ഷീയ നടപടിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയ നീക്കത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന രണ്ട് വിവാദ ബില്ലുകളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. ആണവ ദുരന്തങ്ങളുടെ ബാധ്യതയിൽ നിന്ന് വിതരണക്കാരെ പൂർണമായും ഒഴിവാക്കുകയും പരമാവധി നഷ്ടപരിഹാരം 410 മില്യൻ യു.എസ് ഡോളറിൽ പരിമിതപ്പെടുത്തുകയും ചെയ്ത ആണവോർജ ബിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിനിടെ ലോക്സഭ പാസാക്കി.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരും ഘടനയും മാറ്റിയുള്ള വി.ബി ജി റാം ജി (വികസിത് ഭാരത് -ഗാരൻറി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)) ബില്ലിൽ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. ബില്ലിൻമേൽ ലോക്സഭയിൽ ബുധാനാഴ്ച ചർച്ച ആരംഭിച്ചു.

സ്പീക്കർ ഓം ബിർള വിളിച്ചു ചേർത്ത ലോക്സഭയുടെ കാര്യോപദേശക സമിതി യോഗത്തിൽ മുഴുവൻ പ്രതിപക്ഷ കക്ഷികളും ഇരു ബില്ലുകളും ജെ.പി.സിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിഗണനക്ക് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിന് തയാറല്ലെന്നും ഏതു നിലക്കും ഈ സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കും എന്നുമുള്ള നിലപാടാണ് സർക്കാർ കൈക്കൊണ്ടത്.

രാജ്യത്തെ ആണവ മേഖല സ്വകാര്യ, വിദേശ കമ്പനികൾക്ക് 100 ശതമാനവും തുറന്നുകൊടുക്കുന്ന ആണവോർജ ബിൽ ആറു മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിലാണ് പാസാക്കിയത്. പരമാവധി നഷ്ടപരിഹാരം 300 മില്യൻ എസ്.ഡി.ആർ (സ്പെഷൽ ഡ്രോയിങ് റൈറ്റ്) എന്നതിനു പകരം 500 മില്യൻ എസ്.ഡി.ആർ ആക്കണമെന്നതടക്കമുള്ള പ്രതിപക്ഷ ഭേദഗതികൾ ശബ്ദവോട്ടിനിട്ട് തള്ളി.

എതിർപ്പ് മാനിക്കാതെയാണ് ലോക്സഭയുടെ 27ാമത്തെയും 28ാമത്തെയും അജണ്ടകളായി രണ്ട് ബില്ലുകളും പാസാക്കാനായി ഉൾപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അഭാവത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സ്പീക്കർ മുമ്പാകെ ചൂണ്ടിക്കാട്ടി. രണ്ട് ബില്ലുകളും പരമപ്രധാനമാണ്. ഒന്ന് ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ആണവസുരക്ഷയുമായി ബന്ധപ്പെട്ടതാണെങ്കിൽ രണ്ടാമത്തേത് കോടിക്കണക്കിന് മനുഷ്യരുടെ തൊഴിലുമായി ബന്ധപ്പെട്ടുള്ളതാണ്.

അതുകൊണ്ടാണ് ഇവ ജെ.പി.സിക്കോ സെലക്ട് കമ്മിറ്റിക്കോ വിടണമെന്ന് തങ്ങൾ ബി.എ.സിയിൽ ആവശ്യപ്പെട്ടതെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. എന്നാൽ, മൂന്നോ നാലോ മണിക്കൂർ ചർച്ചക്ക് അനുവദിക്കാമെന്നാണ് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു യോഗത്തിൽ പറഞ്ഞത്. ചുരുങ്ങിയത് ആറു മണിക്കൂർ ആണവോർജ ബില്ലിനും എട്ടു മണിക്കൂർ വി.ബി ജി റാം ജി ബില്ലിനും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബി.എ.സി യോഗത്തിലെ ചർച്ച ശരിവെച്ച സ്പീക്കർ ഓം ബിർള രാത്രി ഏറെ വൈകി നാലോ ആറോ മണിക്കൂർ എടുത്താലും എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകുമെന്ന് പറഞ്ഞു. 19ന് പാർലമെന്റ് സമ്മേളനം അവസാനിപ്പിക്കാനുള്ളതിനാൽ സമയം പരിമിതമാണെന്നും അംഗങ്ങൾക്ക് സംസാരിക്കാനുള്ള അവസരം നൽകാമെന്നും അർധരാത്രി വരെ ചർച്ച ചെയ്യാമെന്ന് കേന്ദ്രമന്ത്രിയും പറഞ്ഞു.

ഇൻഷുറൻസ് നിയമ ഭേദഗതി പാർലമെന്റ് കടന്നു

ന്യൂഡൽഹി: ഇൻഷുറൻസ് രംഗത്ത് നേരിട്ടുള്ള 100 ശതമാനം​ വിദേശ നിക്ഷേപത്തിന് അനുമതി നൽകുന്ന ഇൻഷുറൻസ് ഭേദഗതി ബിൽ പാർലമെന്റ് കടന്നു. ‘സബ്കാ ബിമാ സബ്കി രക്ഷ’ (ഇൻഷുറൻസ് നിയമ ഭേദഗതികൾ) ബിൽ ബുധനാഴ്ച രാജ്യസഭ പാസാക്കി. ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച ലോക്സഭയിൽ ബിൽ അവതരിപ്പിച്ച് പാസാക്കിയിരുന്നു. രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiindian parliamentLatest NewsG Ram G
News Summary - VB G Ram G Bill to be voted on today; JPC and Select Committee not allowed
Next Story