വാസ്തു വിദഗ്ധൻ ചന്ദ്രശേഖർ കൊല്ലപ്പെട്ടു; രണ്ടുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: കർണാടകയിലെ പ്രശസ്ത വാസ്തു വിദഗ്ധൻ ചന്ദ്രശേഖർ അംഗദി (ചന്ദ്രശേഖർ ഗുരുജി) കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് 12.30 ഓടെ ഹുബ്ബള്ളിയിലെ ഹോട്ടൽ ലോബിയിലായിരുന്നു സംഭവം. മണിക്കൂറുകൾക്കകം രണ്ടുപേർ അറസ്റ്റിലായി. മഹന്ദേശ്, മഞ്ജുനാഥ് എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ചന്ദ്രശേഖറിന്റെ മുൻ ജീവനക്കാരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. ലോബിയിലിരിക്കെ ചന്ദ്രശേഖറിനെ രണ്ടു പേർ സമീപിക്കുന്നതും അനുഗ്രഹം തേടിയശേഷം തുടർച്ചയായി കുത്തുന്നതുമാണ് വിഡിയോയിലുള്ളത്. ചന്ദ്രശേഖർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രക്തം വാർന്ന് കുഴഞ്ഞുവീണു. ഈ സമയമത്രയും അക്രമികൾ കുത്തുന്നത് കാണാം. 30 -40 തവണ കുത്തേറ്റതായാണ് റിപ്പോർട്ട്. ലോബിയിലുണ്ടായിരുന്നവരെ അക്രമികൾ ഭീഷണിപ്പെടുത്തി.
മരണം ഉറപ്പുവരുത്തിയശേഷമാണ് അവർ രക്ഷപ്പെട്ടത്. ചന്ദ്രശേഖറിന്റെ മൃതദേഹം ഹുബ്ബള്ളി കിംസ് ആശുപത്രിയിലേക്ക് മാറ്റി. ബഗൽകോട്ട് സ്വദേശിയായ ചന്ദ്രശേഖർ ദിവസങ്ങളായി ഹോട്ടലിൽ താമസിച്ചുവരുകയായിരുന്നു.
പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുമെന്നും സംഭവത്തിൽ എ.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്നും ധാർവാഡ് പൊലീസ് കമീഷണർ ലബ്ബുറാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

