ബംഗളൂരുവിൽ മഴയെത്തി: വർത്തുർ തടാകം വീണ്ടും പതഞ്ഞു പൊങ്ങി
text_fieldsബംഗളൂരു: അടിഞ്ഞു കൂടിയ മാലിന്യങ്ങളിലേക്ക് വേനൽമഴ പെയ്തിറങ്ങിയപ്പോൾ വർത്തുർ തടാകം പതഞ്ഞു പൊങ്ങി. തടാകത്തിൽ നിന്നും റോഡിലും സമീപപ്രദേശത്തും ഒഴുകിയെത്തിയ പത കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസമുണ്ടാക്കി. വേനൽ ചൂടിൽ രാസപ്രവർത്തനം സംഭവിച്ച തടാകത്തിലെ മാലിന്യങ്ങൾമഴയെത്തിയതതോടെയാണ് പതഞ്ഞുപൊങ്ങി തുടങ്ങിയത്. മഞ്ഞുപോലെ പതഞ്ഞ് റോഡിലടിഞ്ഞ വിഷലിപ്തമായ മാലിന്യങ്ങൾ വൈറ്റ്ഫീൽഡ് മെയിൻ റോഡിൽ ഗതാഗത തടസമുണ്ടാക്കി.
ശനിയാഴ്ച നഗരത്തിൽ മഴ തിമർത്തു പെയ്തതോടെയാണ് തടാകത്തിൽ നിന്നും പത ഉയർന്നു തുടങ്ങിയത്. ഇത് ഞായറാഴ്ചയും തുടർന്നു. തടാകത്തിൽ രൂപപ്പെട്ട പെട്ടന്ന് അലിയാത്ത തരം പത ശക്തമായ കാറ്റിൽ റോഡിലും സമീപദേശത്തേക്കും എത്തുകയും കൂടിക്കിടക്കുകയുമായിരുന്നു.
സമീപപ്രദേശങ്ങളിലെ വ്യവസായശാലകളിൽ നിന്നുള്ള രാസമാലിന്യങ്ങളും അലക്കുകമ്പനികളില്‍ നിന്നുള്ള സോപ്പുവെള്ളവും അമിതമായി അടിയുന്നതാണ് തടാകം പതഞ്ഞു പൊങ്ങുന്നതിലേക്ക് എത്തിയത്. പത പൊങ്ങി റോഡിലും പരിസരപ്രദേശത്തുമെത്തിയത് നാട്ടുകാരെ ആശങ്കയിലാക്കി. പത തട്ടിയ ശരീരഭാഗത്ത് ചൊറിഞ്ഞ് തടിക്കുന്നതായും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായും നാട്ടുകാര്‍ പറഞ്ഞു.
വർത്തൂർ തടാകം ഇതിനു മുമ്പും പതഞ്ഞു പൊങ്ങിയിരുന്നു. അമിതമായി രാസമാലിന്യങ്ങള്‍ എത്തിയതിനെ തുടർന്ന് നഗരത്തിലെ പ്രധാന ജലാശയങ്ങളായ ബെല്ലന്ദൂര്‍, അര്‍ക്കാവതി തടാകങ്ങളും പതഞ്ഞു പൊങ്ങിയിരുന്നു. ചില തടാകങ്ങളില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
