Top
Begin typing your search above and press return to search.
Madhyamam
  keyboard_arrow_down
  Login
  exit_to_app
  exit_to_app
  Homechevron_rightNewschevron_rightIndiachevron_rightചെന്നൈയെ മുള്‍മുനയില്‍ ...

  ചെന്നൈയെ മുള്‍മുനയില്‍ നിര്‍ത്തി വര്‍ദ

  text_fields
  bookmark_border
  ചെന്നൈയെ മുള്‍മുനയില്‍ നിര്‍ത്തി വര്‍ദ
  cancel

  ചെന്നൈ: ഈ മണ്‍സൂണില്‍ രൂപം പ്രാപിച്ച ക്യാന്ദും നദയും നിര്‍ദോഷികളായി കടന്നുപോയപ്പോള്‍ പിന്നാലെ എത്തിയ വര്‍ദ മെട്രോ നഗരമായ ചെന്നൈയെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍. ദിവസങ്ങള്‍ക്കു മുമ്പ് ‘അമ്മ’യെ നഷ്ടപ്പെട്ട നഗരം വീണ്ടും പരിഭ്രാന്തിയിലേക്ക് പോയ നിമിഷങ്ങള്‍. പാകിസ്താനാണ് ഈ ചുഴലിക്കാറ്റിന് വര്‍ദ എന്ന് പേര് നല്‍കിയത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അപ്പടി ജനം അനുസരിച്ചപ്പോള്‍ വര്‍ദ മൂലമുള്ള നാശനഷ്ടങ്ങളുടെ തോത് കുറക്കാനായി. തമിഴ്നാട്ടില്‍ രണ്ട് മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൊതുഅവധി പ്രഖ്യാപിച്ചതിനാല്‍ വര്‍ദയെ കാര്യക്ഷമമായി നേരിടാനായി. ചെന്നൈ നഗരത്തില്‍ തണല്‍വിരിച്ചു നില്‍ക്കുന്ന പാഴ്മരങ്ങള്‍  കടപുഴകിയത് നഗരജീവിതം സ്തംഭിക്കാന്‍ പ്രധാന കാരണമായി.

  കാറ്റിനൊപ്പമത്തെിയ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ട് കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ ഓര്‍മിപ്പിക്കുംവിധം നഗരത്തെ ഒറ്റപ്പെടുത്തി. അതിനാല്‍ നഗരത്തില്‍ തിരക്ക് കുറവായിരുന്നു. കാര്‍ത്തികദീപം പ്രമാണിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ചയും പൊതു അവധിയാണ്. സംസ്ഥാന സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ വര്‍ദയെ തളക്കാന്‍ വന്‍ മുന്നൊരുക്കങ്ങളാണ് നടത്തിയത്. താലൂക്ക് അടിസ്ഥാനത്തില്‍ മേല്‍നോട്ട ചുമതലകള്‍ക്കായി നിയമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ജാകരൂകരായിരുന്നു. വര്‍ദ കരക്കടുക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം രാത്രി മുതല്‍ മേഘാവൃതമായ ആകാശവും ഇടവിട്ട മഴയും ചെന്നൈ നഗരത്തില്‍ പ്രകടമായിരുന്നു.

  ചെന്നൈ തീരത്തുനിന്ന് 300 കി.മീ ദൂരത്തില്‍ വര്‍ദ എത്തി തിങ്കളാഴ്ച രാവിലെ 11 മണിയോടെ തന്നെ നഗരം ആകമാനം കറുത്തിരുണ്ടു. നിമിഷങ്ങള്‍ക്കുള്ളില്‍ ശക്തിയായ കാറ്റും മഴയും തുടങ്ങി. മണിക്കൂറില്‍ 40-50 കി.മീ വേഗതയില്‍ തുടങ്ങിയ കാറ്റ് നിമിഷങ്ങള്‍ കഴിയുന്തോറും 120-140 കി.മീ വേഗതയില്‍ ഉയര്‍ന്നതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥയിലായി. വന്‍ തണല്‍ മരങ്ങള്‍ നിലംപൊത്തിക്കൊണ്ടിരുന്നു. വില കൂടിയ വാഹനങ്ങളും തട്ടുകടകളും മരങ്ങള്‍ക്കടിയില്‍ ഞെരിഞ്ഞമര്‍ന്നു. കാറ്റു വീശിയതോടെ വാഹനങ്ങള്‍ ഒതുക്കി സമീപ കെട്ടിടങ്ങളില്‍ അഭയം പ്രാപിച്ചതിനാലാണ് ആള്‍നാശം ഒഴിവായത്. കെട്ടിടങ്ങള്‍ക്ക് മേല്‍ ഉറപ്പിച്ചിരുന്ന മൊബൈല്‍ ടവറുകള്‍ നിലം പൊത്തിയതോടെ പരസ്പരം ബന്ധപ്പെടാനാകാതെ ജനം കുഴങ്ങി.

  സ്വകാര്യ കമ്പനികളില്‍ ജോലിക്കു പോയവരുടെ വിവരം ഇല്ലാതെ വീടുകളില്‍ കഴിഞ്ഞവര്‍ കൂടുതല്‍ വിഷമിച്ചു. വാര്‍ത്താ ചാനലുകളുടെ സാങ്കേതിക സംവിധാനങ്ങള്‍ നിലംപൊത്തിയതോടെ സംപ്രേഷണം മുടങ്ങി. മുന്‍കരുതലിന്‍െറ ഭാഗമായി വൈദ്യുതി ബന്ധം വിച്ഛേദിച്ചതോടെ നഗരം പൂര്‍ണമായി ഇരുട്ടിലായി. സ്വകാര്യ എഫ്.എം. റേഡിയോ സ്റ്റേഷനുകള്‍ വഴിയാണ് അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നത്.

  കാറ്റ് ബീഭത്സരൂപം പൂണ്ടതോടെ ഹോട്ടലുകളും കടകളും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അടച്ചു. മറ്റു പല ആവശ്യങ്ങള്‍ക്കുമായി നഗരത്തില്‍ എത്തിപ്പെട്ടവര്‍ വെള്ളവും ഭക്ഷണവുമില്ലാതെ അലഞ്ഞു. നഗരത്തിന് പുറത്തേക്കുമുള്ള ഗതാഗതം നിലച്ചതോടെ ആയിരങ്ങളാണ് ബസ്സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കുടുങ്ങിയത്. വിമാനത്താവളത്തില്‍ നൂറു കണക്കിനു പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്ക് ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ഭക്ഷണവും വെള്ളവും എത്തിച്ചുകൊടുത്തു. ശബരിമല തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ള നിരവധി യാത്രക്കാര്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ കാത്തിരിപ്പിലാണ്.

  ട്രാക്കുകളില്‍ വെള്ളം കയറിയതും മരങ്ങള്‍ വീണതുമാണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെടാന്‍ കാരണം. തടസ്സങ്ങള്‍ മാറ്റുന്ന മുറക്ക് ട്രെയിനുകള്‍ പുറപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. കഴിഞ്ഞ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ താബരം മേഖലയില്‍  ഉയര്‍ന്നവെള്ളം ഒഴുക്കിക്കളയാന്‍ ഡ്രെയിനേജ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

  നഗരത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫൈബര്‍ ബോട്ടുകളും തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് കിഴക്കന്‍ നാവിക കമാന്‍ഡര്‍ അറിയിച്ചു. ഐ.എന്‍.എസ് യുദ്ധക്കപ്പലുകളില്‍ മെഡിക്കല്‍ സംഘം വസ്ത്രം, മരുന്ന്, വെള്ളം, ഭക്ഷണം എന്നിവ കരുതിയിട്ടുണ്ട്. സംസ്ഥാന പൊലീസും സദാ ജാഗരൂകരാണ്.

   

  Show Full Article
  TAGS:Vardha chennai cyclone 
  Next Story