മുംബൈ: വിപ്ലവകവി വരവര റാവുവിന് ഒരു കേസിൽ കൂടി ജാമ്യം ലഭിച്ചു. 2016 ൽ മഹാരാഷ്ട്രയിലെ ഇരുമ്പയിര് ഖനി തീവെപ്പ് കേസിലാണ് ജാമ്യം ലഭിച്ചത്. ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 82കാരനായ വരവര റാവു ഓർമ നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന അഭിഭാഷകരുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നൽകിയത്.
കേസിന്റെ വിശദാംശങ്ങളിലേക്ക് കോടതി കടന്നില്ല. നേരത്തെ ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട എൽഗാർ പരിഷത് കേസിൽ ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. ആരോഗ്യസ്ഥിതി പരിഗണിച്ചായിരുന്നു ആറു മാസത്തേക്ക് കോടതി ജാമ്യം അനുവദിച്ചത്.
നിരവധി രോഗങ്ങൾ അലട്ടുന്നതിനാൽ വരവര റാവു നിലവിൽ മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. 2016 ഡിസംബർ 25 ന് സുർജഗഡ് ഖനികളിൽ നിന്ന് ഇരുമ്പയിര് കടത്തുന്ന 80 ഓളം വാഹനങ്ങൾക്ക് മാവോയിസ്റ്റുകൾ തീയിട്ടെന്നായിരുന്നു കേസ്. ഇതിൽ വരവര റാവുവിനെയും പൊലീസ് പ്രതി ചേർത്തിരുന്നു.