മുംബൈ: വരവര റാവുവിന്‍റെആരോഗ്യ നിലയെക്കുറിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ മഹാരാഷ്ട്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ചീഫ് സെക്രട്ടറി, ജയിൽ ഡി.ജി.പി എന്നിവർക്കാണ് കമീഷൻ നോട്ടീസയച്ചത്. ഭീമാ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന്‍റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക തുടരുന്നതിനിടെയാണ് മനുഷ്യാവകാശ കമീഷന്‍റെ ഇടപെടൽ.
ജയിലില്‍ തളര്‍ന്നുവീണതിനെ തുടർന്ന് ജൂലൈ 14നാണ് വരവരറാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ജെ.ജെ ആശുപത്രിയിലേക്ക് ജൂലൈ 16നാണ് ഇദ്ദേഹത്തെ മാറ്റിയത്. അദ്ദേഹത്തിന് ചികിത്സ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വരവരറാവുവിന്‍റെ മകളും കുടുംബവും രംഗത്തെത്തിയിരുന്നു. പിന്നീട് കോടതിയെ സമീപിച്ചാണ് റാവുവിന്‍റെ കുടുംബം ചികിത്സയ്ക്കായി അനുമതി തേടിയത്. പരിശോധനയിൽ റാവുവിന് കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മറവിരോഗവും വരവരറാവുവിനെ ബാധിച്ചതായി സംശയമുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വെള്ളിയാഴ്ച ഹൈദരാബാദില്‍ നിന്നും എത്തിയ വരവരറാവുവിന്‍റെ കുടുംബം ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. കവിയായ സഹോദര പുത്രന്‍ എന്‍. വേണുഗോപാല്‍, വരവരറാവുവിന്‍റെ ഭാര്യ ഹേമലത മൂന്ന് പെണ്‍മക്കള്‍ എന്നിവരാണ് മുംബൈയിലെ ആശുപത്രിയിലെത്തിയത്. ജെ.ജെ. ആശുപത്രിയിലെ താല്‍ക്കാലിക വാര്‍ഡിലെ ബെഡില്‍ പരിചരിക്കാന്‍ ആരുമില്ലാതെ മൂത്രത്തില്‍ കുളിച്ച് അനാഥമായി കിടക്കുന്ന വരവരറാവു പക്ഷേ കുടുംബക്കാരെ തിരിച്ചറിഞ്ഞില്ല. മൂത്രത്തില്‍ കുതിര്‍ന്ന വിരിയും വസ്ത്രവും മാറ്റാന്‍ ശ്രമിച്ച കുടുംബത്തെ അധികൃതര്‍ ആട്ടിപായിച്ചതായും പരാതിയുണ്ട്. വരവരറാവുവിന്‍റെ ബന്ധുക്കളുടെ അനുഭവം വിശദമാക്കിയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടും ഹ്യൂമന്‍ റൈറ്റ് ഡിഫന്‍ഡേഴ്സ് അലര്‍ട്ട് ദേശീയ വര്‍ക്കിംഗ് സെക്രട്ടറി ഹെന്‍റി തിഫാങ്നെ ദേശിയ മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി. വരവരറാവുവിനെ സൂപ്പര്‍ സപെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2018 മുതല്‍ ഭീമാ കൊറേഗാവ് കേസുമായി വരവരറാവു നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. യു.എ.പി.എ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരവരറാവുവിന്‍റെ അടിയന്തര മെഡിക്കല്‍ ജാമ്യം നിരസിച്ചതിനെ തുടര്‍ന്നുള്ള വാദം ജൂലൈ 20ന് ബോംബൈ ഹൈകോടതി കേള്‍ക്കും.