കാശി ക്ഷേത്രത്തിൽ പൊലീസിനെ കാവിയുടുപ്പിച്ച് യു.പി സർക്കാർ
text_fields(Photo: India Today)
ന്യൂഡൽഹി: വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ സുരക്ഷക്ക് നിയോഗിച്ച പുരുഷ, വനിത പൊലീസുകാരെ യൂനിഫോമിനു പകരം കാവിയുടുപ്പിച്ച് യു.പി സർക്കാർ. നടപടിയിൽ വ്യാപക പ്രതിഷേധം.
പൂജാരിമാരെപ്പോലെ കാവിയുടുത്ത് രുദ്രാക്ഷ മാലയിട്ട പൊലീസുകാർ തീർഥാടകരെ ക്ഷേത്രത്തിൽ നിയന്ത്രിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രധാന പ്രതിപക്ഷമായ സമാജ്വാദി പാർട്ടി പുറത്തുവിട്ടു. യൂനിഫോമില്ലാതെ പൊലീസുകാരെ നിയോഗിക്കുന്നതു വഴി വലിയ സുരക്ഷാ വിഷയം തന്നെ സർക്കാർ സൃഷ്ടിച്ചിരിക്കുകയാണെന്ന് പാർട്ടി നേതാവ് അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി. കാവി വേഷത്തിൽ പൊലീസ് ഡ്യൂട്ടി ചെയ്യുന്നുവെന്ന വ്യാജേന ആർക്കും പ്രവർത്തിക്കാമെന്ന സ്ഥിതി വരും.
തീർഥാടകർ കൊള്ളയടിക്കപ്പെട്ടാൽ സർക്കാർ ഉത്തരം പറയുമോ? ഏതു പൊലീസ് മാന്വൽ പ്രകാരമാണ് പൊലീസുകാരെ പുരോഹിത വേഷം അണിയിച്ചത്? അപലപനീയമാണിത് -അഖിലേഷ് പറഞ്ഞു. എന്നാൽ, തീർഥാടകരുടെ ക്ഷേമം മുൻനിർത്തിയാണ് പുരുഷ പൊലീസുകാരെ ദോത്തിയും കുർത്തയും വനിത പൊലീസുകാരെ സൽവാറും കുർത്തയുമായി ക്ഷേത്രത്തിൽ നിയോഗിച്ചതെന്ന് വാരാണസി പൊലീസ് കമീഷണർ മോഹിത് അഗർവാൾ വാദിച്ചു.
മറ്റു സ്ഥലങ്ങളിൽ നിയോഗിക്കുന്ന പൊലീസുകാരിൽ നിന്ന് ഭിന്നമാണ് ക്ഷേത്രത്തിലെ പൊലീസുകാരുടെ ഡ്യൂട്ടി. ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന ആൾക്കൂട്ടമല്ല ക്ഷേത്രത്തിലുള്ളത്. അനായാസ ക്ഷേത്ര ദർശനം ഉറപ്പു വരുത്താനും തീർഥാടകർക്ക് വഴികാട്ടാനുമാണ് ഇവിടെ പൊലീസിനെ നിയോഗിക്കുന്നത്. പൊലീസുകാർ തള്ളുകയോ മറ്റോ ചെയ്താൽ തീർഥാടകർ രോഷം കൊള്ളും. എന്നാൽ, പുരോഹിത വേഷത്തിലുള്ളവർ അതു ചെയ്താൽ തീർഥാടകർ ക്ഷമിക്കും -കമീഷണർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

