വാരാണസി: ഉത്തർപ്രദേശിൽ വ്യാജവിവരങ്ങൾ നൽകിയശേഷം മുങ്ങിയ കോവിഡ് രോഗികളെ കണ്ടെത്താൻ ശ്രമം. രോഗം സ്ഥിരീകരിച്ച 30 പേരെ കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിരുന്നില്ല. കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞതിന് പിന്നാലെ രോഗികളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർ നൽകിയ വിലാസവും ഫോൺ നമ്പറും തെറ്റാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കോവിഡ് രോഗികെള കണ്ടെത്താനായി ആരോഗ്യവകുപ്പ് പൊലീസിെൻറ സഹായം തേടി.
മിക്കവരുടെയും ഫോൺ സ്വിച്ച് ഓഫാണ്. വിലാസം തെറ്റും മറ്റുള്ളവരുടേതും നൽകി ആരോഗ്യ വകുപ്പിനെ കബളിപ്പിക്കുകയായിരുന്നു. കോവിഡ് പരിശോധനക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ പേരും മേൽവിലാസവും ഫോൺ നമ്പറും ശേഖരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച 30 പേർ നൽകിയ വിലാസം തെറ്റാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കനത്ത ജാഗ്രത നിർദേശം നൽകി.
കോവിഡ് രോഗികളെ ഉടൻ കണ്ടെത്താൻ പൊലീസിെൻറ സഹായം തേടിയതായി മെഡിക്കൽ ഓഫിസർ ഡോ. വി.ബി. സിങ് പറഞ്ഞു. തെറ്റായ വിവരങ്ങൾ നൽകി ആരോഗ്യവകുപ്പിനെ കബളിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ല മജിസ്ട്രേറ്റ് അറിയിച്ചു.