വന്ദേമാതരം നിർബന്ധമാക്കൽ നാഗാലാൻഡിൽ വൻ പ്രതിഷേധം
text_fieldsകൊഹിമ: ഔദ്യോഗിക പരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കൽ നിർബന്ധമാക്കിയുള്ള കേന്ദ്ര ഉത്തരവിനെതിരെ നാഗാ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എൻ.എസ്.എഫ്) നേതൃത്വത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളും പൗരന്മാരും തിങ്കളാഴ്ച കൊഹിമയിൽ പ്രതിഷേധ റാലി നടത്തി. ‘ഉത്തരവ് മതേതരത്വത്തിന് നേരെയുള്ള ആക്രമണം’, ‘നാഗാ അവകാശങ്ങളിൽ ഒത്തുതീർപ്പില്ല’, ‘അടിച്ചേൽപിക്കുന്ന നയങ്ങൾ അവസാനിപ്പിക്കുക’ തുടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ കൊഹിമ നഗരത്തിൽനിന്ന് ലോക്ഭവൻ വരെ മാർച്ച് നടത്തിയത്.
പ്രതിഷേധക്കാർ നാഗാലാൻഡ് ഗവർണർ മുഖേന രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനം സമർപ്പിച്ചു. വന്ദേമാതരത്തിന്റെ പുതിയ പതിപ്പിൽ പ്രത്യേക വിഭാഗത്തിന്റെ ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അത് നാഗാ ജനതയുടെ മതപരവും സാംസ്കാരികവുമായ വിശ്വാസവുമായി ഒത്തുപോകില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നാഗാ ജനതയുടെ സ്വത്വവും വിശ്വാസങ്ങളും ഭരണപരമായ ഉത്തരവുകളിലൂടെ വെല്ലുവിളിക്കാനാകില്ലെന്ന പ്രഖ്യാപനമാണ് ഈ റാലിയെന്ന് എൻ.എസ്.എഫ് പ്രസിഡന്റ് എംതെയ്സൂദിങ് ഹെറാങ് പറഞ്ഞു. നാഗാ പീപിൾസ് മൂവ്മെന്റ് ഫോർ ഹ്യൂമൻ റൈറ്റ്സ്, നാഗാലാൻഡ് ജോയന്റ് ക്രിസ്ത്യൻ ഫോറം, നാഗാലാൻഡ് ക്രിസ്ത്യൻ റിവൈവൽ ചർച്ചസ്, കത്തോലിക്ക അസോസിയേഷൻ ഓഫ് നാഗാലാൻഡ് പ്രതിനിധികളും സമ്മേളനത്തെ അഭിസംബോധന ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

