ഇന്ത്യയുടെ 'ടൈഗർ മാൻ' വാൽമീക് ഥാപർ അന്തരിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ടൈഗർ മാൻ എന്നറിയപ്പെട്ടിരുന്ന പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ വാൽമീക് ഥാപർ(73) അന്തരിച്ചു. അർബുദവുമായുള്ള പോരാട്ടത്തിനൊടുവിൽ ഡൽഹിയിലെ കൗടില്യ മാർഗിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് വൈകീട്ട് ലോഥി വൈദ്യുത ശ്മശാനത്തിൽ നടക്കും.നാല് പതിറ്റാണ്ടിലേറെ കാലം വന്യജീവി സംരക്ഷണത്തിനായാണ് വാൽമീക് തന്റെ ജീവിതം മാറ്റിവെച്ചത്. കടുവകളുടെ സംരക്ഷണത്തിനായിരുന്നു കൂടുതൽ ഊന്നൽ നൽകിയിരുന്നത്.
വന്യജീവി സംരക്ഷണത്തിനായി 1988ൽ അദ്ദേഹം രന്തംഭോർ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന സ്ഥാപിച്ചു.
കടുവ വേട്ടക്കും പ്രകൃതിദത്ത കടുവ ആവാസ വ്യവസ്ഥകളുടെ സംരക്ഷണത്തിനും വേണ്ടി ശക്തമായി വാദിച്ചു. മനുഷ്യന്റെ ഇടപെടലുകളിൽ നിന്ന് മുക്തമായ ഒരു മേഖല കടുവകൾക്കായി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രശസ്ത പത്രപ്രവർത്തകനായിരുന്ന റൊമേഷ് ഥാപറിന്റെ മകനാണ് വാൽമീക്. പ്രശസ്ത ചരിത്ര കാരിയായ റൊമീല ഥാപർ പിതൃസഹോദരിയാണ്. പ്രശസ്ത മാധ്യമപ്രവർത്തകൻ കരൺ ഥാപറും ഈ കുടുംബത്തിലെ അംഗമാണ്.
ബോളിവുഡ് നടൻ ശശി കപൂറിന്റെ മകളും തിയേറ്റർ ആർട്ടിസ്റ്റുമായ സഞ്ജന കപൂറിനെയാണ് വാൽമീക് വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകനുണ്ട്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ദേശീയ വന്യജീവി ബോർഡ് ഉൾപ്പെടെ 150 ലധികം സർക്കാർ പാനലുകളിലും ടാസ്‌ക് ഫോഴ്‌സുകളിലും ഥാപ്പർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005ൽ സരിസ്ക ടൈഗർ റിസർവിൽ നിന്ന് കടുവകൾ അപ്രത്യക്ഷമായതിനെത്തുടർന്ന് യു.പി.എ സർക്കാറിന്റെ ടൈഗർ ടാസ്‌ക്ഫോഴ്‌സിലേക്ക് അദ്ദേഹത്തെ നിയമിച്ചു. പരിസ്ഥിതി പ്രവർത്തക സുനിത നരേൻ അധ്യക്ഷയായ ടാസ്‌ക് ഫോഴ്‌സിന്റെ അന്തിമ റിപ്പോർട്ട് മനുഷ്യ-മൃഗ സഹവർത്തിത്വത്തെ പ്രോത്സാഹിപ്പിച്ചെങ്കിലും അത്തരം വിശ്വാസം കടുവകളെ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ് നൽകി ഥാപ്പർ ഒരു വിയോജിപ്പ് കുറിപ്പ് സമർപ്പിച്ചു. കടുവകൾ ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കണമെങ്കിൽ വന്യജീവികൾക്കായി മാത്രം വലിയ ഭൂപ്രദേശങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു.
വന്യജീവികളെക്കുറിച്ചുള്ള 30ലധികം പുസ്തകങ്ങൾ ഥാപ്പർ രചിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അവയിൽ ലാൻഡ് ഓഫ് ദി ടൈഗർ: എ നാച്വറൽ ഹിസ്റ്ററി ഓഫ് ദി ഇന്ത്യൻ സബ്കോണ്ടിനെന്റ് (1997), ടൈഗർ ഫയർ: 500 ഇയേഴ്‌സ് ഓഫ് ദി ടൈഗർ ഇൻ ഇന്ത്യ എന്നിവ ഏറെ പ്രശസ്തമാണ്. നിരവധി ഡോക്യുമെന്ററികൾ ചെയ്തു. ബി.ബിസിക്കുവേണ്ടി നിരവധി സിനിമകളുടെ സഹനിർമാതാവായും അവതാരകനായും പ്രവർത്തിച്ചു. അതുവഴി ഇന്ത്യൻ വന്യജീവികളെ അന്താരാഷ്ട്ര സ്‌ക്രീനുകളിൽ എത്തിക്കാനും സാധിച്ചു. നിര്യാണത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ് അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

