Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വവർഗ വിവാഹങ്ങൾക്ക്...

സ്വവർഗ വിവാഹങ്ങൾക്ക് സാധുത ഹരജി: വ്യക്തിനിയമങ്ങളിലേക്ക് കടക്കാതെ സുപ്രീംകോടതി

text_fields
bookmark_border
സ്വവർഗ വിവാഹങ്ങൾക്ക് സാധുത ഹരജി: വ്യക്തിനിയമങ്ങളിലേക്ക് കടക്കാതെ സുപ്രീംകോടതി
cancel

ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത തേടിയുള്ള ഹരജി പരിഗണിക്കുന്നത് നിലവിലുള്ള വിവാഹ വ്യക്തിനിയമങ്ങളിലേക്ക് കടക്കാതെയാകുമെന്ന് സുപ്രീംകോടതി.

സ്പെഷൽ മാര്യേജ് ആക്ടുമായി (പ്രത്യേക വിവാഹ നിയമം) ബന്ധപ്പെട്ട വാദങ്ങൾ ഉന്നയിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ച് ആവശ്യപ്പെട്ടു. സ്വവർഗ വിവാഹങ്ങൾക്ക് അംഗീകാരം നൽകിയാൽ ഹിന്ദു വിവാഹ നിയമമടക്കമുള്ള വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട സങ്കീർണതകൾ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങനെയെങ്കിൽ മതരഹിതമായ നിയമമായ പ്രത്യേക വിവാഹ നിയമത്തിൽ ഊന്നിയുള്ള വാദങ്ങളുന്നയിക്കാൻ കോടതി അഭിഭാഷകരോട് പറഞ്ഞു. 1954ലെ പ്രത്യേക വിവാഹ നിയമമനുസരിച്ച് മതങ്ങളല്ല, സ്റ്റേറ്റാണ് വിവാഹത്തിന് നിയമസാധുത നൽകുന്നത്. സങ്കീർണമായ വിഷയങ്ങളാണ് ഹരജിയിലുള്ളതെന്നും ചീഫ് ജസ്റ്റിസ് വാദത്തിനിടെ പറഞ്ഞു. പുരുഷനും സ്ത്രീയുമെന്ന ആശയം പൂർണമായും ലിംഗത്തിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ളതല്ലെന്ന് ജസ്റ്റിസുമാരായ എസ്.കെ കൗൾ, എസ്.ആർ ഭട്ട്, ഹിമ കോഹ്‍ലി, പി.എസ് നരസിംഹ എന്നിവരുമുൾപ്പെടുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്നത് രാജ്യത്തിന്റെ മുഴുവൻ ആവശ്യം അല്ലെന്നും വരേണ്യവർഗത്തിൽപ്പെട്ട ഒരു വിഭാഗത്തിന്റെ കാഴ്ചപ്പാട് മാത്രമാണിതെന്നും കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞിരുന്നു. കോടതിയുടെ തീരുമാനത്തിലൂടെ വിവാഹത്തിന് സാമൂഹികവും നയപരവുമായ പദവി ഉറപ്പിക്കാനാവില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. നിയമനിർമാണ സഭകൾക്കുപോലും തീരുമാനിക്കാനാവില്ല. സ്വവർഗ വിവാഹങ്ങൾക്ക് സ്വീകാര്യതയുണ്ടാകേണ്ടത് സമൂഹത്തിൽനിന്നുതന്നെയാണെന്നും തുഷാർ മേത്ത പറഞ്ഞു.

ട്രാൻസ്ജൻഡറുകൾക്കായി നിലവിൽതന്നെ പലതരം നിയമങ്ങൾ രാജ്യത്തുണ്ടെന്നും പങ്കാളിയെ തെരഞ്ഞെടുക്കാനും ലൈംഗികാഭിമുഖ്യം തെരഞ്ഞെടുക്കാനും രാജ്യത്ത് ജനങ്ങൾക്ക് അവകാശമുണ്ടെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. വ്യക്തിനിയമങ്ങളിലേക്ക് പോകുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി വിഷയം പൂർണമായി കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യണമെന്നും അല്പാല്പമായുള്ള സമീപനം ഹരജിക്കാരെ ബാധിക്കുമെന്നായിരുന്നു ജമാഅത്ത് ഉലമായെ ഹിന്ദിന്റെ അഭിഭാഷകനായ കപിൽ സിബലിന്റെ അഭിപ്രായം. സ്വവർഗ വിവാഹം ഈ രീതിയിൽ അനുവദനീയമാക്കരുതെന്നും സിബൽ വാദിച്ചു.

നിയമത്തിലടക്കം പൂർണമായ മാറ്റം വരുത്താതെ സ്വവർഗ വിവാഹം അനുവദിക്കുകയാണെങ്കിൽ അത് നടത്താതിരിക്കുകയാണ് നല്ലത്. കാലത്തിനനുസരിച്ച് നിയമങ്ങളിൽ മാറ്റം വേണമെന്ന് ഹരജിക്കാരിലൊരാളുടെ അഭിഭാഷകനായ മുകുൾ രോഹതഗി പറഞ്ഞു. നിയമനിർമാണ സഭയുടെ പ്രസക്തി തള്ളാനാവില്ലെന്ന് കോടതി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suprem court
News Summary - Validity petition for same-sex marriages: Supreme Court without going into personal laws
Next Story