പ്രധാനമന്ത്രിയുടെ കാൽതൊട്ടു വന്ദിച്ച് വൈഭവ് സൂര്യവംശി; ആശംസയുമായി മോദി
text_fieldsപട്ന: ബിഹാർ സന്ദർശനത്തിനിടെ പട്ന വിമാനത്താവളത്തിൽ വച്ച് ക്രിക്കറ്റ് സെൻസേഷൻ വൈഭവ് സൂര്യവംശിയെയും കുടുംബത്തെയും കണ്ട് പ്രധാനമന്ത്രി. മോദി തന്‍റെ സാമൂഹ്യ മാധ്യമത്തിൽ വൈഭവുമൊത്തുള്ള ചിത്രവും വൈഭവിന് ആശംസയേകുന്ന സന്ദേശവും പങ്കുവച്ചു. 'പട്ന വിമാനത്താവളത്തിൽ വച്ച് യുവ ക്രിക്കറ്റ് സെൻസേഷൻ വൈഭവ് സൂര്യവംശിയെയും കുടുംബത്തെയും കണ്ടുമുട്ടി. രാജ്യമെമ്പാടും അദ്ദേഹത്തിന്‍റെ ക്രിക്കറ്റ് പ്രകടത്തെ പ്രശംസിക്കുന്നു. വൈഭവിന്‍റെ ഭാവി ശ്രമങ്ങൾക്ക് എന്‍റെ ആശംസകൾ'.
14ാം വയസ്സിൽ ഐ.പി.എല്ലിൽ വമ്പൻ പ്രകടനം കാഴ്ചവെച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് വൈഭവ് സൂര്യവംശി. ഐ.പി.എൽ 18-ാം പതിപ്പിൽ രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് ഗുജറാത്ത് ടൈട്ടൻസിനെതിരെ 35 പന്തിൽ സെഞ്ച്വറി നേടിയത് ഏറെ ചർച്ചയായിരുന്നു. വൈഭവിന്‍റെ വൈഭവമാർന്ന പ്രകടനത്തെ മുമ്പും മൻ കീ ബാത്തിലൂടെ മോദി പ്രശംസിച്ചിരുന്നു.
"ഐപിഎല്ലിൽ ബിഹാറിന്റെ മകൻ വൈഭവ് സൂര്യവംശിയുടെ അതിശയകരമായ പ്രകടനം ഞാൻ കണ്ടിട്ടുണ്ട്. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ വൈഭവ് ഇത്രയും മികച്ച ഒരു റെക്കോർഡ് സ്ഥാപിച്ചു. വൈഭവിന്റെ പ്രകടനത്തിന് പിന്നിൽ ഒരുപാട് കഠിനാധ്വാനമുണ്ട്," പ്രധാനമന്ത്രി മോദി പറഞ്ഞു. ബിഹാറിലെ മോദിയുടെ ദ്വിദിന സന്ദർശനത്തിനിടെയാണ് പട്ന വിമാനത്താവളത്തിൽ വച്ച് വൈഭവ് സൂര്യവംശിയെയും കുടുംബത്തെയും കണ്ടുമുട്ടിയത്. ബഹുമാനാർത്ഥം വൈഭവ് പ്രധാനമന്ത്രിയുടെ കാലുതൊട്ടു വന്ദിക്കുകയും ചെയ്തു. ബിഹാറിൽ മോദി 48520 കോടിയുടെ പദ്ധതികളാണ് സന്ദർശനവേളയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

