വാക്സിൻ ക്ഷാമം: കോവാക്സിൻ നിർമാണത്തിൽ കൂടുതൽ കമ്പനികളെ പങ്കാളികളാക്കാൻ നീക്കം
text_fieldsന്യൂഡൽഹി: കോവാക്സിൻ നിർമാണത്തിന് കമ്പനികളെ തേടി കേന്ദ്രസർക്കാറും ഭാരത് ബയോടെകും. രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമാകുന്നതിനിടെയാണ് കോവാക്സിൻ നിർമാണത്തിൽ കൂടുതൽ കമ്പനികളെ പങ്കാളികളാക്കാൻ കേന്ദ്രസർക്കാർ നീക്കമാരംഭിച്ചത്. നീതി ആയോഗ് അംഗം വി.കെ പോളാണ് ഇക്കാര്യം അറിയിച്ചത്.
കോവാക്സിൻ നിർമാണത്തിൽ കൂടുതൽ കമ്പനികളെ പങ്കാളികളാക്കും. ഭാരത് ബയോടെകും തീരുമാനത്തിന് അനുകൂലമാണ്. എല്ലാ കമ്പനികളേയും വാക്സിൻ നിർമാണത്തിൽ പങ്കാളികളാകാൻ ക്ഷണിക്കുകയാണ്. നമുക്കൊരുമിച്ച് വാക്സിൻ നിർമാണം നടത്താം. ആവശ്യമായ സഹകരണം കേന്ദ്രസർക്കാർ ചെയ്യുമെന്നും വി.കെ പോൾ പറഞ്ഞു.
വർഷാവസാനത്തോടെ 200 കോടി ഡോസ് വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിൻ ഉൽപാദനം വർധിപ്പിക്കാനുള്ള നീക്കങ്ങൾക്കും കേന്ദ്രസർക്കാർ തുടക്കമിടുന്നത്.

