ചിലയിടത്ത് വാക്സിൻ, ചിലയിടത്ത് ഇല്ല... ഈ രാജ്യത്തിനിതെന്തു പറ്റി?
text_fieldsരാജ്യത്ത് വാക്സിനേഷൻ വിതരണത്തിലെ അസന്തുലിതത്വം വൻ ആരോഗ്യപ്രശ്നമായി മാറുമെന്ന മുന്നറിയിപ്പുമായി ‘ലാൻസെറ്റ്’ പഠനം. വിതരണത്തിലെ സാർവത്രികത നഷ്ടമാവുന്നതിലൂടെ വാക്സിനേഷൻ മൂലം ലഭിക്കേണ്ട സാമൂഹിക പ്രതിരോധം (ഹെർഡ് ഇമ്യൂണിറ്റി) ഫലപ്രദമാകുന്നുമില്ലെന്നും ലോകപ്രശസ്ത മെഡിക്കൽ ജേണലായ ‘ലാൻസെറ്റ് നടത്തിയ പഠനത്തിലുണ്ട്.
ആകെ നിരക്ക് കൂടുതൽ, പക്ഷേ രാജ്യത്തെ 95 ശതമാനം കുഞ്ഞുങ്ങൾക്കും (ഒന്ന് മുതൽ രണ്ട് വയസ്സുവരെ) ബി.സി.ജി വാക്സിൻ ലഭിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഡി.പി.ടി വാക്സിൻ നിരക്ക് ഏതാണ്ട് 85 ശതമാനത്തിന് മുകളിലാണ്. ഇതര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴൂം മുൻകാലങ്ങളിൽ ഇന്ത്യയുടെ തന്നെ സ്ഥിതി വിലയിരുത്തുമ്പോഴും ഏറെ ഉയർന്ന കണക്കാണിത്. എന്നാൽ, ആകെ നിരക്കിലുള്ള ഉയർച്ച രാജ്യത്തെ എല്ലായിടത്തും ബാധമാകുന്നില്ലെന്നാണ് ‘ലാൻസെറ്റ്’ പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നത്. ഒരു ജില്ലയിൽ, ഒരു ഗ്രാമത്തിൽ 100 ശതമാനമാണ് വാക്സിനേഷൻ നിരക്കെങ്കിൽ, തൊട്ടടുത്ത ഗ്രാമത്തിലോ അല്ലെങ്കിൽ അയൽ ജില്ലയിലോ അത് 20 ശതമാനത്തിൽ കുറവാകാം. ഇത്തരത്തിൽ വാക്സിൻ വിതരണ അന്തരം രാജ്യത്തെല്ലായിടത്തും നിലനിൽക്കുന്നതായി പഠനത്തിൽ പറയുന്നു.
അസന്തുലിതത്വം കൂടുതൽ യു.പിയിൽ;
കേരളം ഓകെ
ദേശീയ കുടുംബ, ആരോഗ്യ സർവേ (എൻ.എഫ്.എച്ച്.എസ് -5) അടിസ്ഥാനമാക്കിയാണ് ലാൻസെറ്റ് പഠനം. രാജ്യത്ത് ഒന്നിനും മൂന്നിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ എണ്ണം 4.6 കോടിയെന്നാണ് കണക്ക്. ഇതിൽ 87,000 കുട്ടികളുടെ വിവരങ്ങളെ ആസ്പദമാക്കിയാണ് പഠനം. ഒരു ജില്ലയിൽതന്നെ ക്ലസ്റ്ററുകൾ കണക്കാക്കുമ്പോൾ പലതിലും വാക്സിനേഷൻ നിരക്കിൽ വലിയ അന്തരമുണ്ട്. വ്യവസ്ഥാപിത വാക്സിൻ യജ്ഞം നടക്കുമ്പോൾ ഇത് സംഭവിച്ചുകൂടാത്തതാണ്. പലയിടത്തും 50 ശതമാനത്തിന്റെ വരെ വ്യതിയാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് അസന്തുലിതത്വം കൂടുതൽ. സന്തുലിതത്വം നിലനിൽക്കുന്ന പട്ടികയിൽ കേരളം, തമിഴ്നാട്, ഒഡിഷ തുടങ്ങി ഏതാനും സംസ്ഥാനങ്ങൾ മാത്രമാണ്.
എന്തുകൊണ്ട്?
പല ഗ്രാമങ്ങളിലേക്കും വാക്സിൻ എത്തിക്കാനാകുന്നില്ല
പല സമൂഹ വിഭാഗങ്ങളിലും വാക്സിന്റെ പ്രാധാന്യം ബോധവത്കരിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടു
സൗകര്യങ്ങളുടെ അപര്യാപ്തത
അശാസ്ത്രീയമായ വാക്സിനേഷൻ യജ്ഞമാണ് ഇതിന് കാരണമെന്ന് പഠനത്തിൽ പറയുന്നുണ്ട്. ജില്ലകൾ കേന്ദ്രീകരിച്ചുള്ള യജ്ഞങ്ങൾക്കൊപ്പം, ആ മേഖലയിലെ കുറഞ്ഞ നിരക്കുള്ള ഇടങ്ങളിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കണമെന്നും ലാൻസെറ്റ് നിർദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

