മോദി സർക്കാറിന്റെ ‘നന്നായി തയ്യാറാക്കിയ’ ഗൂഢാലോചന; സർവകലാശാലകളിൽ എസ്.സി, എസ്.ടി, ഒ.ബി.സി അധ്യാപക തസ്തികകൾ ഒഴിച്ചിട്ടതിനെതിരെ രാഹുൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ കേന്ദ്ര സർവകലാശാലകളിലെ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ അധ്യാപക ഒഴിവുകൾ നികത്താൻ തയ്യാറാവുന്നില്ലെന്നും ഇത് വരെ ആസൂത്രിതമായ ഗൂഢാലോചനയാണെന്നുമുള്ള ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
‘അനുയോജ്യരല്ല’ എന്ന വിഭാഗത്തിൽപ്പെടുത്തി ആയിരക്കണക്കിന് എസ്.സി, എസ്.ടി, ഒ.ബി.സി അപേക്ഷകരെ ‘മനുവാദി ചിന്താ പ്രക്രിയ’ നിരസിക്കുന്നു. മോദി സർക്കാർ അതിന്റെ ഉത്തരവാദിത്തം അംഗീകരിക്കാൻ വിസമ്മതിക്കുന്നുവെന്നും രാഹുൽ തന്റെ ‘എക്‌സ്’ ഹാൻഡിലിൽ എഴുതി.
‘പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരെ സർക്കാർ മനഃപൂർവം അക്കാദമിക മേഖലക്കു പുറത്ത് നിർത്തിയിരിക്കുകയാണ്. പ്രഫസർ തസ്തികയിൽ എസ്.ടി.യിൽ 83 ശതമാനവും ഒ.ബി.സി.യിൽ 80 ശതമാനവും എസ്.സി.യിൽ 64 ശതമാനവും സീറ്റുകൾ മനഃപൂർവ്വം ഒഴിച്ചിട്ടിരിക്കുകയാണെന്നും’ രാഹുൽ ആരോപിച്ചു. അസോസിയേറ്റ് പ്രഫസർമാരെ സംബന്ധിച്ചിടത്തോളം, എസ്.ടി.യിൽ 65 ശതമാനവും ഒ.ബി.സി.യിൽ 69 ശതമാനവും എസ്.സി.യിൽ 51 ശതമാനവും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഇത് കേവലം അശ്രദ്ധയല്ല. വിദ്യാഭ്യാസം, ഗവേഷണം, നയരൂപീകരണ പ്രക്രിയ എന്നിവയിൽ നിന്ന് പാർശ്വവൽക്കരിക്കപ്പെട്ടവരെ മാറ്റിനിർത്താൻ നന്നായി ആലോചിച്ച ഗൂഢാലോചനയാണ്. പിന്നാക്ക വിഭാഗങ്ങളുടെ അപര്യാപ്തമായ പ്രാതിനിധ്യം ഈ സമൂഹങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ പുറത്തു നിർത്താൻ ഉപയോഗിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. ഇത് പൂർണ്ണമായും അസ്വീകാര്യമാണ്. ഒഴിവുകൾ ഉടനടി നികത്തുകയും ബഹുജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ നേടാൻ അവസരം ഒരുക്കണമെന്നും അദ്ദേഹം ഉന്നയിച്ചു.
ആർ.ജെ.ഡി എം.പി മനോജ് ഝായുടെ ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി സുകാന്ത മജുംദാർ നൽകിയ രേഖാമൂലമുള്ള മറുപടിക്കു പിന്നാലെയാണ് രാഹുലിന്റെ പരാമർശം. കേന്ദ്ര സർവകലാശാലകളിലെ സംവരണ വിഭാഗങ്ങൾക്കായി അനുവദിച്ചതും നികത്തിയതുമായ അസിസ്റ്റന്റ് പ്രഫസർമാർ, അസോസിയേറ്റ് പ്രഫസർമാർ, പ്രഫസർമാർ എന്നിവരുടെ ആകെ തസ്തികകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, മൂന്ന് വിഭാഗങ്ങൾക്കുമായി അനുവദിച്ച 875 തസ്തികയിൽ എസ്.സി വിഭാഗത്തിൽ നിന്ന് 111ഉം എസ്.ടിയിൽ നിന്ന് 24 ഉം ഒ.ബി.സിയിൽ നിന്ന് 84 ഉം അധ്യാപകർ നിലവിൽ പ്രഫസർമാരായി നിയമിതരായെന്ന് മജുംദാർ പറഞ്ഞു. അസോസിയേറ്റ് പ്രൊഫസർ തസ്തികകളിൽ, എസ്.സി വിഭാഗത്തിന് അനുവദിച്ച 632 ൽ 308 ഉം എസ്.ടി വിഭാഗത്തിനുള്ള 307 ൽ 108 ഉം ഒ.ബി.സി വിഭാഗങ്ങൾക്കുള്ള 883 ൽ 275 ഉം ആണ് നികത്തിയത്.
‘റിപ്പബ്ലിക്കിലെ ഉന്നത വിദ്യാഭ്യാസത്തിന്റെയും സാമൂഹിക നീതിയുടെയും അവസ്ഥ. ജയ് ഹിന്ദ്. കേന്ദ്ര സർവകലാശാലകളിൽ ഒ.ബി.സി വിഭാഗക്കാർക്കനുവദിച്ചതിന്റെ എൺപത് ശതമാനവും എസ്.ടി വിഭാഗക്കാർക്കനുവദിച്ചതിന്റെ 83 ശതമാനവും പ്രഫസർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് സർക്കാർ പറയുന്നു’ -സർക്കാറിന്റെ പ്രതികരണത്തിന് ശേഷം ഝാ തന്റെ ‘എക്സ്’ ഹാൻഡിൽ എഴുതി.
സംവരണ വിഭാഗത്തിലെ തസ്തിക നികത്താതെ ‘യോഗ്യരായവരെ കണ്ടെത്തിയില്ല’ എന്ന പദം കൂടുതലായി ഉപയോഗിച്ചതിനെക്കുറിച്ചും ഝാ ചോദ്യം ഉന്നയിച്ചു. രാജ്യസഭയിൽ ഒരു പ്രതിപക്ഷ എം.പിയുടെ ചോദ്യത്തിന് മറുപടിയായി സർക്കാർ സംവരണ വിഭാഗങ്ങളിൽ നിന്നും ജുഡീഷ്യറിയിൽ നിന്നുമുള്ള സ്ത്രീ പ്രാതിനിധ്യം കുറച്ചതായി സമ്മതിച്ചിരുന്നു.
ഒ.ബി.സി വിഷയങ്ങൾ കോൺഗ്രസ് ഏറ്റെടുക്കാത്തതിനാൽ ബി.ജെ.പിക്ക് ഇടം ലഭിച്ചുവെന്ന് മോദി സർക്കാർ പറഞ്ഞതിന് ഒരു ദിവസത്തിനുശേഷമാണ് രാഹുൽ മോദി സർക്കാറിനെതിരെ ആക്രമണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

