ചികിത്സ നിഷേധിക്കപ്പെട്ട യുവതി ആശുപത്രി തറയിൽ പ്രസവിച്ചു; ‘കട്ടിലിൽ കിടത്താൻ പോലും അനുവദിച്ചില്ല’
text_fieldsഹരിദ്വാർ: ചികിത്സ നിഷേധിച്ചതിനെ തുടർന്ന് യുവതി ആശുപത്രി വരാന്തയിൽ പ്രസവിച്ചു. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിക്കുകയും തുടർന്ന് ആശുപത്രി വരാന്തയിൽ പ്രസവിക്കുകയും ചെയ്തത്. സംഭവത്തെ തുടർന്ന് ആശുപത്രിയിലെ ഡോക്ടറെ പിരിച്ചുവിടുകയും രണ്ട് നഴ്സുമാർക്ക് കാരണംകാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തു.
ചൊവ്വ രാത്രിയിലാണ് പ്രസവവേദനയെ തുടർന്ന് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. എന്നാൽ, ദരിദ്ര കുടുംബത്തിൽപെട്ട സ്ത്രീക്ക് ആശുപത്രി അധികൃതർ ചികിത്സ നിഷേധിക്കുകയായിരുന്നു. പ്രസവം നടത്താൻ സാധിക്കില്ലെന്ന് ഡ്യൂട്ടി ഡോക്ടർ പറഞ്ഞതായും യുവതിയെ കട്ടിലിൽ കിടത്താൻ വിസമ്മതിച്ചെന്നും ബന്ധുക്കൾ ആരോപിച്ചു.
പ്രസവത്തിന് ശേഷം നഴ്സുമാരിൽ നിന്നും മോശം പെരുമാറ്റമാണ് നേരിട്ടതെന്നും ആരോപണമുയർന്നു. പരിഹാസത്തോടെ സംസാരിച്ചതായും കളിയാക്കിയതായും ബന്ധുക്കൾ പറഞ്ഞു. കുഞ്ഞിനും അമ്മക്കും എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആരാണ് ഉത്തരവാദിത്തമേറ്റെടുക്കുക എന്നും പല തരത്തിലുള്ള വിഷമങ്ങൾ അനുഭവിച്ചു കൊണ്ടാണ് ഓരോരുത്തരും ആശുപത്രിയിൽ വരുന്നതെന്നും യുവതിയുടെ ബന്ധു പറഞ്ഞു.
സംഭവത്തിന് പിന്നാലെ യുവതി വേദന കൊണ്ട് നിലവിളിക്കുന്നതും നിലത്ത് കിടക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. സംഭവ സമയത്ത് ആശുപത്രി ജീവനക്കാരെ ആരെയും സമീപത്ത് കണ്ടിട്ടില്ല.
വനിതകളുടെ ആശുപത്രിയിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്നും വിശദമായ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ചീഫ് മെഡിക്കൽ ഓഫിസർ (സി.എം.ഒ) ഡോ. ആർ.കെ. സിങ് അറിയിച്ചു. പ്രാഥമിക വിവരമനുസരിച്ച് യുവതിയെ രാത്രി 9.30ഓടെ കൊണ്ടുവരികയും പുലർച്ചെ 1.30ന് അത്യാഹിത വിഭാഗത്തിൽ വെച്ച് പ്രസവിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണ്. ഏതെങ്കിലും തരത്തിലുള്ള അനാസ്ഥ നടന്നതായി തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്നും ഡോ. സിങ് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന കരാർ ഡോക്ടർ സൊണാലിയെ പിരിച്ചുവിട്ടതായും രണ്ട് നഴ്സുമാർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയതായും സി.എം.ഒ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ ഗർഭിണിക്ക് പ്രവേശനം നിഷേധിച്ചതിന്റെ കാരണം കണ്ടെത്താനുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

