
ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം നിർത്തിവെച്ചു; ഉരുൾപൊട്ടിയതായി സൂചന
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുപാളി സ്ഫോടനത്തെ തുടർന്ന് ദുരന്തത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനുള്ള പ്രവർത്തനം പ്രതിരോധ സേനകൾ നിർത്തിവെച്ചു. മലമുകളിൽ ഉരുൾപൊട്ടിയതായി സൂചനകൾ പുറത്തുവന്നതോടെ തപോവൻ തുരങ്കം, റേനി ഗ്രാമം എന്നിവിടങ്ങളിലെ രക്ഷാപ്രവർത്തനമാണ് നിർത്തിവെച്ചത്. ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സമീപ പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനും ശ്രമം ആരംഭിച്ചു.
പ്രദേശത്ത് കാലാവസ്ഥ പ്രതികൂലമാകുകയും നദിയിലെ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരോട് പിന്മാറാൻ നിർദേശം നൽകുകയായിരുന്നു. സൈറൻ മുഴക്കി ഗ്രാമവാസികളെ സൈന്യം ഒഴിപ്പിക്കുകയാണ്.
ചമോലി ജില്ലയിൽ ഞായറാഴ്ച രാവിെലയുണ്ടായ ദുരന്തത്തിൽ 200ൽ അധികം പേരെയാണ് കാണാതായത്. പ്രദേശത്തെ ഒരു വൈദ്യുത നിലയവും അഞ്ച് പാലങ്ങളും ഒഴുകിപോയിരുന്നു. മറ്റൊരു വൈദ്യുതനിലയം ഭാഗികമായി തകർന്നു. 32 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 45 കിലോമീറ്ററിൽ അധികം പ്രദേശത്ത് നാശനഷ്ടമുണ്ടായി.
തപോവനിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ ഏകദേശം 30ഓളം തൊഴിലാളികൾ കുടുങ്ങികിടക്കുന്നതായാണ് വിവരം. മൂന്നുദിവസമായി ഇവിടെ രക്ഷപ്രവർത്തനം തുടരുകയാണ്. ഇംഗ്ലീഷ് അക്ഷരത്തിലെ യു ആകൃതയിലുള്ള ടണലിൽ ചെളി നിറഞ്ഞതിനെ തുടർന്ന് രക്ഷാപ്രവർത്തനം മന്ദഗതിയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
