
ഉത്തരാഖണ്ഡ് ദുരന്തം: ഒലിച്ചുപോയത് ആറ് മാസം മുമ്പ് തുറന്ന തപോവൻ ഡാം
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ തപോവൻ വിഷ്ണുഗഢ് ജലവൈദ്യുത നിലയത്തിന്‍റെ ഭാഗമായ ഡാം പൂർണമായും ഒലിച്ചുപോയതായി ഇന്ത്യൻ വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. ധൗലിഗംഗ, റിഷിഗംഗ നദികളുടെ സംഗമസ്ഥാനത്താണ് ഡാമുള്ളത്. ഇത് പൂർണമായും നശിച്ചതായി രഹസ്യാന്വേഷണ വിമാനങ്ങളിൽനിന്നുള്ള ചിത്രങ്ങൾ വ്യക്തമാക്കുന്നു.
മലാരി താഴ്‌വരയുടെ പ്രവേശന കവാടത്തിലും തപോവന് സമീപവുമുള്ള രണ്ട് പാലങ്ങളും ഒഴുകിപ്പോയി. താഴ്‌വരയിലെ നിർമാണ പ്രവർത്തനങ്ങളും തൊഴിലാളികളുടെ കുടിലുകളും തകർന്നിട്ടുണ്ട്. അതേസമയം, ജോഷിമഠിനും തപോവനും ഇടയിലെ പ്രധാന റോഡിന് കേടുപട് ഒന്നും സംഭവിച്ചിട്ടില്ല.
എൻ.ടി.പി.സി ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള തപോവൻ വിഷ്ണുഗഢ് ജലവൈദ്യുത പദ്ധതി ഏകദേശം 3,000 കോടി രൂപ ചെലവിലാണ് നിർമിച്ചത്. 2006ൽ നിർമാണം തുടങ്ങിയ ഡാം 2020 സെപ്റ്റംബറിലാണ് കമീഷൻ ചെയ്തത്. ജലവൈദ്യുത പ്ലാന്‍റിന്‍റെ ഒരു ഭാഗം ഹിമപാതത്തിൽ കേടുപാടുകൾ സംഭവിച്ചതായി എൻ.ടി.പി.സി പറഞ്ഞു.
നന്ദദേവി ഹിമാനിയുടെ പ്രവേശന കവാടം മുതൽ പിപാൽക്കോട്ടി, ചമോലി, ധൗലിഗംഗ, അളകനന്ദ എന്നിവിടങ്ങളിൽ ദുരന്തത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടതായി വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. സ്ഥിതി തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് കരസേനയും നാവികസേനയും വ്യോമസേനയും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
