ഏക സിവിൽകോഡ്: ജനങ്ങളുടെ നിർദേശങ്ങൾ സ്വീകരിക്കാൻ വെബ്സൈറ്റുമായി ഉത്തരാഖണ്ഡ് സർക്കാർ
text_fieldsഡെറാഡൂൺ: സംസ്ഥാനത്ത് ഏക സിവിൽകോഡ് നടപ്പാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ രൂപവത്കരിച്ച സമിതി, പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങളും പ്രതികരണങ്ങളും സ്വീകരിക്കാൻ വെബ്സൈറ്റ് തുറന്നു. ഏകീകൃത വ്യക്തിനിയമത്തിന്റെ കരട് തയാറാക്കാൻ ജനങ്ങളുടെ സഹകരണം ആവശ്യമുണ്ടെന്നും ഇതിനായി ആരംഭിച്ച വെബ്സൈറ്റ് വഴി നിർദേശങ്ങളും ആശങ്കകളും പരാതികളും അറിയിക്കണമെന്നും സമിതി തലവനും സുപ്രീംകോടതി റിട്ട. ജഡ്ജിയുമായ രഞ്ജനപ്രകാശ് ദേശായി അറിയിച്ചു.
ഒക്ടോബർ ഏഴിനകം നിർദേശങ്ങൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിവേഗ നടപടികളിലൂടെയാണ് സമിതി പ്രവർത്തിക്കുന്നതെങ്കിലും ഏക സിവിൽ കോഡ് പോലുള്ള വിഷയങ്ങളിൽ കരട് തയാറാക്കാൻ സമയക്രമം നിശ്ചയിക്കുന്നത് എളുപ്പമല്ലെന്നും ദേശായി പറഞ്ഞു. വ്യക്തിനിയമവുമായി ബന്ധപ്പെട്ട കാര്യത്തിൽ സ്ത്രീകൾ സുപ്രധാനമാണെന്നും അതുകൊണ്ട് സ്ത്രീകളുടെ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'വ്യക്തിപര കാര്യങ്ങളായ വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, പിന്തുടർച്ചാവകാശം, ജീവനാംശം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിലവിലെ വ്യത്യസ്ത നിയമങ്ങൾ പഠിക്കുകയും ഇവ ഭേദഗതി വരുത്തി ഏകീകൃത രൂപം കൊണ്ടുവരാനാകുമോ എന്ന് പരിശോധിക്കുകയുമാണ് സമിതിയുടെ ചുമതല.' -സമിതിയംഗവും മുൻ ചീഫ് സെക്രട്ടറിയുമായ ശത്രുഘ്നൻ സിങ് പറഞ്ഞു.
കരട് എപ്പോൾ പുറത്തിറക്കുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് ഏക സിവിൽകോഡ് നടപ്പാക്കുമെന്നത് തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണെന്നും അതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സമിതി യോഗത്തിനുശേഷം മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

