
കുത്തിയൊഴുകിയ ജലം കൺമുന്നിൽ ഉറ്റവരെ കൊണ്ടുപോയത് നിമിഷങ്ങൾക്കുള്ളിൽ; വിശ്വസിക്കാനാവാതെ ഉത്തരാഖണ്ഡ്
text_fieldsകുത്തിയൊഴുകിയ ജലം കൺമുന്നിൽ ഉറ്റവരെ കൊണ്ടുപോയത് നിമിഷങ്ങൾക്കുള്ളിൽ; വിശ്വസിക്കാനാവാതെ ഉത്തരാഖണ്ഡ്പട്ന: ഇടിമുഴക്കം പോലെ ഒരു ശബ്ദമായിരുന്നു ആദ്യം. ഇരുൾമൂടി ചുറ്റും മൂടൽമഞ്ഞ്. പിന്നെ അര നിമിഷംമാത്രം നീണ്ട ഭീതിദമായ നിശ്ശബ്ദത. പതിവു പ്രഭാതമായിരുന്നു ഞായറാഴ്ചയും ചമോലിയിൽ. നല്ല തെളിച്ചമുള്ള പകലിെൻറ തുടക്കം.
എന്നെത്തേയും േപാലെ ഉത്തരാഖണ്ഡിലെ ജുഗ്ജു ഗ്രാമത്തിൽനിന്ന് അയൽഗ്രാമമായ റെയ്നിയിലേക്ക് വിറക് പെറുക്കാൻ ഇറങ്ങിയതാണ് 42കാരിയായ മഹാതമി ദേവി. മൂന്നു മക്കളിൽ 17കാരനായ മകൻ അങ്കിത് വീട്ടിലുണ്ട്. ''രാവിലെ എട്ടുമണിയോടെ അവെള ഞാൻ കണ്ടതാണ്. മല മുകളിലേക്കുള്ള യാത്രയിലായിരുന്നു ഞാനും. റെയ്നിയിലേക്ക് ഒരു നടപ്പാത വെട്ടുകയാണ് ലക്ഷ്യം. കണ്ടെന്നു വരുത്താൻ ഹലോ പറഞ്ഞ് അവൾ നടന്നുനീങ്ങി''- പറയുന്നത് റെയ്നി ഗ്രാമപഞ്ചായത്ത് മുൻ അംഗം സംഗ്രാം സിങ് റാവത്ത്.
ഒരു മണിക്കൂർ കഴിഞ്ഞ് ഞെട്ടിപ്പിക്കുന്ന വൻശബ്ദം എത്തി. മുകളിൽ ആകാശം ഇരുണ്ടുമൂടിയിട്ടുണ്ട്. പിറകെ അങ്കിതിെൻറ ആർത്തനാദവും കേട്ടു. ''അമ്മയെ രക്ഷിക്കൂ''- എന്നായിരുന്നു കരച്ചിൽ. മലമുകളിൽനിന്ന് വെള്ളം കുത്തിയൊലിച്ച് വരികയാണ്. വഴിയിലുണ്ടായിരുന്നതെല്ലാം ഈ മലവെള്ളപ്പാച്ചിലിൽ അലിഞ്ഞുചേരുന്നു- മനുഷ്യർ, കാലികൾ, മരങ്ങൾ...'' എല്ലാം. ഒന്നും ചെയ്യാനാകുമായിരുന്നില്ല.
മീറ്ററുകൾ മാത്രം അകലെ റെയ്നി ഗ്രാമത്തിൽ 70 കാരിയായ അനിത ദേവി കാലികളെ മേയ്ക്കുകയാണ്. അപ്പോഴാണ് നിറയെ കല്ലും മരങ്ങളുമായി
ധോളിഗംഗ കലിതുള്ളി എത്തിയത്. അനിതക്കൊപ്പം കൊച്ചുമകൻ ഗോലുവും മരുമകൾ തനുജയുമുണ്ട്. ശബ്ദം കേട്ടപാതി പ്രായം കുറവുള്ള ഇരുവരും ജീവനും കൊണ്ടോടി. അൽപമകലെ നോക്കിനിൽക്കെ അനിത മലവെള്ളത്തിൽ ഒലിച്ചുപോകുന്നത് നോക്കിനിൽക്കാനായിരുന്നു ഇവർക്ക് വിധി.
അതിവേഗത്തിലെത്തിയ വെള്ളം താഴെ പണിയെടുക്കുന്നവരെയുംകൊണ്ടു പോകുന്നത് മുകൾ ഭാഗങ്ങളിൽ ജോലിയിലായിരുന്നവർ ശരിക്കും നോക്കികണ്ടു. ''ഓടിക്കോ''- എന്നു പലരും അലറിനോക്കിയെങ്കിലും അതിലും വേഗത്തിലായിരുന്നു മലവെള്ളത്തിെൻറ തള്ളൽ. കട്ടിമൂടിയ അന്തരീക്ഷത്തിൽ അവശേഷിച്ചവർക്കു കൂടി ശ്വാസം മുട്ടി. ഓടാൻ നന്നേ പ്രയാസപ്പെട്ടു. കാത്തുനിൽക്കുകയല്ലാെത മുന്നിൽ വഴിയുണ്ടായിരുന്നില്ല.
അരമണിക്കൂർ കഴിഞ്ഞ് റെയ്നി ഗ്രാമം ഒന്നടങ്കം ഉറ്റവരെയും തിരഞ്ഞ് വെള്ളത്തിനു പിന്നാലെ പോകാനൊരുങ്ങി. മരം മുറിച്ചും കാലികളെ മേച്ചും എണ്ണമറ്റ ആളുകൾ നിന്ന സ്ഥലം തരിശിട്ട് മണ്ണ് പുതഞ്ഞ് കിടക്കുന്നത് മാത്രമായിരുന്നു അവർക്ക് കാണാനുണ്ടായിരുന്നത്. ആരെയും കണ്ടെത്താൻ പോലുമായില്ല. അതിലൊരാൾ 150 ആടുകളെ മേയ്ക്കാൻ എത്തിയതായിരുന്നു. അദ്ദേഹം മാത്രമല്ല, ആടുകളെയും കണ്ടെത്താനായില്ല.
പാലങ്ങൾ കൂടി ഒലിച്ചുപോയതിനാൽ തിരഞ്ഞുപോകാൻ പോലും പ്രയാസം. തൊഴിലാളികളും അവരുടെ ഉറ്റവരും ഒരുഭാഗത്ത് കുടുങ്ങിക്കിടക്കുന്നു. ഉള്ളവർ അവശേഷിച്ചവരെ ഒപ്പം ചേർത്ത് വീടുകളിലും മറ്റും താമസിപ്പിക്കുന്നു.
പരിസ്ഥിതി ലോല മേഖലയിൽ തകൃതിയായി നടന്ന ജലവൈദ്യുതി പദ്ധതികളോട് നാട്ടുകാർ എന്നേ പ്രതിഷേധം അറിയിച്ചതാണ്. വൻകിട പദ്ധതിയായ ഋഷിഗംഗ പദ്ധതിക്കെതിരായ കേസ് ഇപ്പോഴും കോടതിയിലാണ്. ''പ്രകൃതിയോടു കാണിച്ച തെറ്റാണ് ഇത്തരം പദ്ധതികളെന്ന് പറയാതെ പറഞ്ഞതാണ് ഈ ദുരന്തമെന്ന്' പരിസര വാസിയായ കുണ്ടൻ പറയുന്നു.
ചമോലി ജില്ലയിലെ തപോവനത്തിൽ ഞായറാഴ്ച രാവിലെ മഞ്ഞുമല ഇടിഞ്ഞ് കുത്തനെ വെള്ളം ഒഴുകിയിറങ്ങിയാണ് സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം സംഭവിക്കുന്നത്. എത്ര പേർ ദുരന്തത്തിനിരയായി എന്നുപോലും ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. എന്നല്ല, ഇനിയുമേറെ ദിനങ്ങൾ കഴിഞ്ഞാലും അത് സാധ്യമാകുമെന്നും തോന്നുന്നില്ല.
ദേശീയ ദുരന്തനിവാരണ സേനയിലെ അഞ്ചു സംഘങ്ങളും 100 സൈനികർ വീതമുള്ള ആറു സൈനിക സംഘങ്ങളും സ്ഥലത്ത് അതിവേഗം രക്ഷാപ്രവർത്തനം തുടരുകയാണ്. മലമുകളിൽ കെട്ടിക്കിടന്ന മഞ്ഞുകൂനകൾ വെള്ളമായി പൊട്ടിയിറങ്ങിയാണ് ഞായറാഴ്ച ദുരന്തം വിതച്ചത്. ചേർന്നുള്ള രണ്ട് ജല വൈദ്യുതി പദ്ധതികൾ പൂർണമായി മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. 15 മൃതദേഹങ്ങൾ ഇതിനകം കണ്ടെത്തി. 170 പേർക്കായി തിരച്ചിൽ തുടരുന്നു. ഇതിലേറെ പേർ ദുരന്തത്തിനിരയായിട്ടുണ്ടോ എന്നാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
