ഡറാഡൂൺ: ഒക്ടോബർ 17, 18 തീയതികളിൽ നടന്ന പ്രകൃതി ദുരന്തങ്ങളിൽ 77 പേർ മരിച്ചതായി ഉത്തരാഖണ്ഡ് സർക്കാർ. 26 പേർക്ക് പരിക്കേറ്റു. നാലു പേരെ കാണാതായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 224 വീടുകൾ തകർന്നതായും അധികൃതർ അറിയിച്ചു.
ഞായറാഴ്ച ബഗേശ്വർ ജില്ലയിലെ സുദേർദുംഗയിൽ കാണാതായ അഞ്ച് വിനോദ സഞ്ചാരികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൻഫി മേഖലയിൽ 19 പേർ കുടുങ്ങി കിടപ്പുണ്ട്. പിന്ദാരിയിൽ നിന്ന് 33 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. ഉത്തരകാശി ജില്ലയിലെ ചിത്കുൽ-ഹർസിൽ രണ്ട് വിനോദ സഞ്ചാരികളെ കാണാതായിട്ടുണ്ട്.
അതേസമയം, ഇന്ത്യ-ചൈന അതിർത്തിയെ ബന്ധിപ്പിക്കുന്ന ജോഷിമഠ്-ഹാത് നിതി ബോർഡർ റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തതായി ബോർഡർ റോഡ്സ് ഒാർഗനൈസേഷൻ (ബി.ആർ.ഒ) അറിയിച്ചു. മണ്ണിടിച്ചിലിനെ തുടർന്നാണ് ഈ റോഡിൽ ഗതാഗതം താൽകാലികമായി നിർത്തിവെച്ചത്.