ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം; 28 മലയാളികള്‍ കുടുങ്ങിയതായി സംശയം, ഫോണുകള്‍ സ്വിച്ച്ഡ് ഓഫ്
text_fields28 മലയാളികൾ
ഉത്തരകാശി: ഉത്തരാഖണ്ഡിലേക്ക് വിനോദയാത്ര പോയ 28 മലയാളി കുടുംബങ്ങൾ ആശങ്കയിൽ. ഇരുപത് മുംബൈ മലയാളികളും എട്ട് കേരളത്തിൽ നിന്നുള്ളവരുമാണ് ടൂർ പാക്കേജിന്റെ ഭാഗമായി ഉത്തരാഖണ്ഡിലേക്ക് പോയത്. ഇവരെ ബന്ധപ്പെടാനാവുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഇവർ സുരക്ഷിതരായിരിക്കുമെന്നും ബന്ധപ്പെടാൻ കഴിയാത്തത് വിനിമയ സംവിധാനങ്ങൾ തകരാറിലായത് കൊണ്ടാണെന്ന് ടൂർ ഓപ്പറേറ്റേഴ്സ് പറയുന്നു.
കൊച്ചിയിൽ നിന്ന് ടൂർ പാക്കേജിലുണ്ടായിരുന്ന നാരായണൻ നായർ, ശ്രീദേവിപിള്ള എന്നിവരും ഇവരോടൊപ്പം ഉണ്ട്. എല്ലാവരുടെയും നമ്പർ സ്വിച്ച്ഡ് ഓഫ് ആയ നിലയിലാണ്. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുകയാണ്. അപകട സമയത്ത് ഇവർ എവിടെയായിരുന്നു, എവിടെയാണ് താമസിച്ചിരുന്നത് എന്നതിൽ വ്യക്തത വന്നിട്ടില്ല. അതേസമയം മലയാളി സംഘം സുരക്ഷിതരാണെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജത്തിലെ ദിനേശ് പറഞ്ഞു. ബസുകളെല്ലാം എട്ട് പത്ത് മണിക്കൂറായി കുടുങ്ങി കിടക്കുകയാണ്. സുരക്ഷ ഉദ്യോഗസ്ഥർ ഈ മലയാളി കുടുംബങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന് ദിനേശ് വ്യക്തമാക്കി.
ഉത്തരകാശി ജില്ലയിൽ പെയ്ത കനത്ത പേമാരിയെ തുടർന്ന് ഖീർ ഗംഗാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നൂറിലേറെ പേർ മണ്ണിനടിയിൽപെട്ടതായി സംശയം. ഇതിനകം അഞ്ച് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് കണ്ടെടുത്തത്. 130 ഓളം പേരെ സൈന്യം രക്ഷപ്പെടുത്തി. സമുദ്രനിരപ്പിൽ നിന്ന് 8,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ധരാലി പട്ടണത്തിലെ ഹോട്ടലുകളിലും ഹോംസ്റ്റേകളും തകർത്താണ് മലവെള്ളപ്പാച്ചിൽ താണ്ഡവമാടിയത്. ബഹുനിലകെട്ടിടങ്ങളടക്കം നിമിഷനേരം കൊണ്ട് തകർന്ന് തരിപ്പണമാവുകയായിരുന്നു.
ഇതിൽ അധികവും ടൂറിസ്റ്റുകൾ താമസിച്ച ഹോട്ടലുകളാണ്. ഇത്തരത്തിൽ 25 കെട്ടിടങ്ങൾ തകർന്ന് മുന്നൂറിലേറെ പേർ മണ്ണിനടിയിൽപെട്ടതായാണ് അനൗദ്യോഗിക കണക്കെന്ന് പ്രദേശത്തെ മലയാളി അസോസിയേഷൻ നേതാവ് ദിനേശ് മായാനാഥ് പറഞ്ഞു. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകളും ഒലിച്ചുപോയി. ഖീർ ഗംഗ നദിയുടെ വൃഷ്ടി പ്രദേശങ്ങളിലെവിടെയോ ആണ് മേഘവിസ്ഫോടനമുണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. ധരാലിക്ക് പിന്നാലെ സുഖി ടോപ് മേഖലയിലും ചൊവ്വാഴ്ച മേഘവിസ്ഫോടനമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

