ഡറാഡൂൺ: കാബിനറ്റ് യോഗത്തിൽനിന്ന് മന്ത്രി ഇറങ്ങിപ്പോയതടക്കമുള്ള നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച ഉത്തരാഖണ്ഡിൽ ഭരണകക്ഷിയായ ബി.ജെ.പിയിലെ തർക്കത്തിന് താൽക്കാലിക വിരാമം. മുഖ്യമന്ത്രിയുമായി ഇടഞ്ഞ് വെള്ളിയാഴ്ച മന്ത്രിസഭ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ വനം മന്ത്രി ഹരക് സിങ് റാവത്തിനെ അനുനയിപ്പിക്കാൻ ബി.ജെ.പിക്കായി.
മന്ത്രിപദവിയും പാർട്ടി അംഗത്വവും രാജിവെക്കുമെന്ന് സൂചന നൽകിയിരുന്നെങ്കിലും ശനിയാഴ്ച മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ ഔദ്യോഗിക വസതിയിലെത്തിയ റാവത്ത് മുഖ്യമന്ത്രിക്കൊപ്പം അത്താഴം കഴിക്കുന്നതാണ് പിന്നീട് കണ്ടത്. 2016ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന റാവത്ത്, കോഡ്വാറിൽ മെഡിക്കൽ കോളജ് അനുവദിക്കാത്തതിനെ തുടർന്നാണ് ഇടഞ്ഞത്. തന്നെ പാർട്ടി പരിഗണിക്കുന്നില്ലെന്നും കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നപ്പോൾ പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും റാവത്ത് ആരോപിച്ചു.
ഒരേ ജില്ലയിൽ രണ്ടു സർക്കാർ മെഡിക്കൽ കോളജുകൾ പാടില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് റാവത്തിെൻറ ആവശ്യം നിരസിച്ചിരുന്നതത്രെ. ഇതേ തുടർന്ന് മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ റാവത്ത് അനുകൂലിക്കുന്ന എം.എൽ.എമാർക്കൊപ്പം കോൺഗ്രസിലേക്കുതന്നെ തിരിച്ചുപോകുമെന്നും അഭ്യൂഹം പരന്നിരുന്നു. ചില കോൺഗ്രസ് നേതാക്കളും ഇദ്ദേഹവുമായി ബന്ധപ്പെട്ടു. ഇതിനിടെയാണ്, ബി.ജെ.പി നേതൃത്വത്തിന്റെ ഇടപെടലിനൊടുവിൽ റാവത്ത് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ധാമി തെൻറ ഇളയ സഹോദരനെപോലെയാണെന്ന് റാവത്ത് പ്രസ്താവനയുമിറക്കി.