Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവിവാഹിതനെന്ന് പറഞ്ഞ് വിവാഹം, പീഡനം, കൊലപ്പെടുത്താൻ ക്വട്ടേഷൻ; ഭർത്താവിനെതിരെ ഉത്തരാഖണ്ഡ് ബി.ജെ.പി മന്ത്രി രേഖ ആര്യ

text_fields
bookmark_border
https://www.madhyamam.com/tags/utharakhand
cancel
camera_alt

ഉത്തരാഖണ്ഡ് ബി.ജെ.പി മന്ത്രി രേഖ ആര്യ, ഭർത്താവ് ഗിർധാരി ലാൽ സാഹു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബി.ജെ.പി സർക്കാറിലെ കാബിനറ്റ് മന്ത്രിയുടെ പരാതിയിൽ ഭർത്താവിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്ത് പൊലീസ്. മന്ത്രി രേഖ ആര്യ ശാരീരിക കൈയേറ്റം, പീഡനം, ജാതി അധിക്ഷേപം, വധഭീഷണി എന്നിവ ആരോപിച്ചാണ് ഭർത്താവ് ഗിർധാരി ലാൽ സാഹുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. ഡെറാഡൂണിലെ കന്റ് പൊലീസ് പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.

അവിവാഹിതനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സാഹു തന്നെ വിവാഹം കഴിച്ചതെന്നും പിന്നീട് ഇയാൾ വിവാഹിതനാണെന്നും കുട്ടികൾ ഉണ്ടെന്നും താൻ മനസ്സിലാക്കിയെങ്കിലും മക്കളുടെ ഭാവിയെക്കരുതി കുടുംബാംഗങ്ങളുടെ ഉപദേശപ്രകാരം താൻ മൗനം പാലിക്കുകയായിരുന്നുവെന്ന് മന്ത്രി പറയുന്നു.

താൻ എതിർത്തപ്പോൾ, അയാൾ ആദ്യം തന്റെ തെറ്റ് അംഗീകരിക്കുകയും മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ, മാപ്പ് പറച്ചിലുകൾക്ക് ശേഷവും അത്തരം പ്രവൃത്തികൾ ഭർത്താവ് തുടർന്നു.

ഇപ്പോഴും മറ്റു സ്ത്രീകളുമായി സാഹു അവിഹിത ബന്ധം പുലർത്തുന്നുണ്ടെന്നും, അതിനെതിരെ പ്രതികരിച്ചപ്പോൾ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി എഫ്.ഐ.ആറിൽ പറയുന്നുണ്ട്.

താൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണ്. ഇക്കാര്യം വിവാഹത്തിന്റെ തുടക്കം മുതൽ ഭർത്താവിന് അറിയാവുന്നതുമാണ്. തന്നെ കൊലപ്പെടുത്താൻ സാഹു സ്ത്രീയുമായി ഗൂഢാലോചന നടത്തുന്നതിന്റെ ഓഡിയോ റെക്കോഡിങ് അടുത്തിടെ തനിക്ക് ലഭിച്ചു. മക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് താൻ പോലീസിനെ സമീപിച്ചതെന്നും രേഖ ആര്യ വ്യക്തമാക്കി. ഈ ഓഡിയോയും ഒരു വീഡിയോയും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

സ്ത്രീകൾ സാധാരണക്കാരിയാവട്ടെ പ്രമുഖയാവട്ടെ, ഗാർഹിക പീഡനം സഹിച്ചുകൂടാ എന്നും അതിനെതിരെ എല്ലാവരും ശബ്ദമുയർത്തണമെന്നും അവർ ആവശ്യപ്പെട്ടു. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ ആരോഗ്യനില വഷളായതിനെ തുടർന്ന് രേഖ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story