ബി.ജെ.പി നേതാവിന്റെ മകൾക്ക് മുസ്‍ലിം വരൻ; ഹിന്ദുസംഘടനകൾ പ്രതിഷേധിച്ചപ്പോൾ വിവാഹം വേണ്ടെന്നു വെച്ചു
text_fieldsഡെറാഡൂൺ: കടുത്ത എതിർപ്പിനെ തുടർന്ന് മുസ്‍ലിം യുവാവുമായുള്ള മകളുടെ വിവാഹം വേണ്ടെന്ന് വെച്ച് ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവ് യശ്പാൽ ബെനാം. വിശ്വഹിന്ദ് പരിഷത്ത്, ഭൈരവ് സേന, ബജ്റംഗ്ദൾ എന്നീ ഹിന്ദു സംഘടനകളാണ് വിവാഹത്തിനെതിരെ രംഗത്തുവന്നത്. മേയ് 28നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്.
തന്റെ കുടുംബകാര്യമാണിതെന്നും ആരും ഇടപെടേണ്ടെന്നുമായിരുന്നു വിവാഹത്തെ കുറിച്ച് ആദ്യം യശ്പാൽ വിശദീകരണം നൽകിയത്. ഉത്തരാഖണ്ഡിലെ പൗരി മുനിസിപ്പൽ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. യശ്പാലിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവന്നതെന്നായിരുന്നു പ്രധാന ആരോപണം. കുറെ ആളുകൾ ലൗ ജിഹാദ് ആരോപണവും ഉയർത്തി.
അടുത്തിടെ പുറത്തിറങ്ങിയ ദ കേരള സ്റ്റോറി എന്ന സിനിമയോടും ഇതിനെ താരതമ്യപ്പെടുത്തി. കേരള സ്റ്റോറി പോലുള്ള സിനിമകൾക്ക് നികുതിയിളവ് അടക്കം നൽകി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പ്രോൽസാഹനം നൽകുമ്പോൾ യശ്പാൽ മകളെ മുസ്‍ലിം യുവാവിന് വിവാഹം കഴിച്ചുകൊടുക്കുകയാണ്. ഇത് ഇരട്ടത്താപ്പാണെന്നായിരുന്നു വിമർശനം.
വിവാഹത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ച ഹിന്ദുസംഘടനകൾ യശ്പാലിന്റെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധം വ്യാപകമായതോടെ യശ്പാൽ മകളുടെ വിവാഹം വേണ്ടെന്നു വെക്കുകയായിരുന്നു.
ബി.ജെ.പി നേതാവിന്റെ മകളും മുസ്‍ലിം യുവാവും തമ്മിലുള്ള വിവാഹക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മകളുടെ സന്തോഷം മാത്രമാണ് വിവാഹം തീരുമാനിച്ചപ്പോൾ നോക്കിയതെന്നും എന്നാൽ ഇപ്പോൾ പൊതുജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുക്കേണ്ട സാഹചര്യമാണെന്നും യശ്പാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
വരന്റെ കുടുംബവുമായി ആലോചിച്ചാണ് തീരുമാനമെടുത്തത്. ഒരു ജനപ്രതിനിധിയെന്ന നിലയിൽ പൊലീസിന്റെ സംരക്ഷണത്തിൽ തന്റെ മകളുടെ വിവാഹം നടത്താൻ താൽപര്യമില്ലെന്നും പൊതുജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും യശ്പാൽ പറഞ്ഞു.
''മകളുടെ സന്തോഷമായിരുന്നു വിവാഹം തീരുമാനിച്ചതിൽ ഏറ്റവും പ്രധാനം. അതിനാൽ രണ്ടുകുടുംബങ്ങളും തമ്മിൽ ആലോചിച്ച് വിവാഹം നടത്താൻ തീരുമാനിച്ചു. വിവാഹ ക്ഷണക്കത്ത് അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തു. ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. തുടർന്ന് വിവാഹം നടത്താൻ സാധിക്കാത്ത സ്ഥിതി വന്നു. വിവാദമായതോടെ വീണ്ടും ഇരുകുടുംബങ്ങളും തമ്മിൽ ആലോചിച്ച് വിവാഹം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.''-യശ്പാൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

