ഉത്തരാഖണ്ഡിൽ ഉത്തരം നൽകാൻ
text_fieldsന്യൂഡൽഹി: ജാതിസമവാക്യങ്ങൾ അധികാരസ്ഥാനം നിർണയിക്കുന്ന ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ വീണ്ടും ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. കർഷക നിയമങ്ങൾ, തൊഴിലില്ലായ്മ, കുടിയേറ്റ പ്രശ്നം എന്നിവ വഴി ഭരണവിരുദ്ധ വോട്ടുകള്‍ ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 2017ലെ തെരഞ്ഞെടുപ്പിൽ 57 സീറ്റിന്റെ വ്യക്തമായ മുൻതൂക്കത്തോടെയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. നിലവിൽ പുഷ്കർ സിങ് ധാമിയാണ് മുഖ്യമന്ത്രി. ഗ്രൂപ് വഴക്കും ആഭ്യന്തര പോരും കാരണം മൂന്നു തവണയാണ് ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയെ മാറ്റിയത്. ആദ്യം ത്രിവേന്ദ്ര സിങ് റാവത്തും പിന്നീട് തിരാത്ത് സിങ്ങും മുഖ്യമന്ത്രിമാരായി.
അവസാനത്തെയാളാണ് ധാമി. അടിക്കടി മുഖ്യമന്ത്രിമാരെ മാറ്റുന്ന ബി.ജെ.പിക്ക് ഇത്തവണ തോൽവി രുചിക്കേണ്ടിവരുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ തന്നെ തെരഞ്ഞെടുപ്പ് ചുമതല ഏൽപിച്ചാണ് കോൺഗ്രസ് പൊരുതാനിറങ്ങുന്നത്.
അതേസമയം, ഇത്തവണ ശക്തമായ സാന്നിധ്യമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും മത്സര രംഗത്തുണ്ട്. അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ അടക്കമുള്ള വാഗ്ദാനങ്ങളുയർത്തിയാണ് ആം ആദ്മി പാർട്ടിയുടെ പോരാട്ടം. ഇന്ത്യ ന്യൂസ്-ജൻ കി ബാത് സർവേ പ്രകാരം വോട്ടുശതമാനത്തിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നേരിയ വ്യത്യാസം മാത്രമാണുള്ളത്.
ബി.ജെ.പിക്ക് 39 ശതമാനം വോട്ടുവിഹിതം ലഭിക്കുമ്പോൾ കോൺഗ്രസിന് 38.2 ശതമാനം വോട്ട് ഷെയർ ലഭിക്കുമെന്ന് സർവേ പറയുന്നു. ആം ആദ്മി പാർട്ടിയുടെ വോട്ട് ഷെയർ 11.7 ആണ്. സർവേ പ്രകാരം ബ്രാഹ്മിൺ, രജ്പുത് വിഭാഗങ്ങളിലെ 45 ശതമാനം വീതം ആളുകൾ ബി.ജെ.പിക്കായി വോട്ട് ചെയ്യും. ഈ ജാതിയിൽപെട്ട 35 ശതമാനം പേർ കോൺഗ്രസിനാണ് വോട്ടു നൽകുക. മുസ്ലിം സമുദായത്തിലെ 85 ശതമാനം, സിഖ് സമുദായത്തിലെ 60 ശതമാനം, പട്ടികജാതി വിഭാഗത്തിലെ 75 ശതമാനം ആളുകൾ കോൺഗ്രസിനെയും അനുകൂലിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

