ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ഇനി കാവി തൊപ്പികളും
text_fieldsലഖ്നോ: ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ കാവി തൊപ്പികളും ഉൾപ്പെടുത്താന്‍ യു.പി ബി.ജെ.പി ഘടകം തീരുമാനിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് റോഡ് ഷോക്കിടെ ആദ്യമായി കാവിതൊപ്പിയണിഞ്ഞ് പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ഏപ്രിലിൽ നടന്ന പാർട്ടിസ്ഥാപക ദിനാഘോഷവേളയിൽ എല്ലാ ബി.ജെ.പി നേതാക്കളും സമാനമായി കാവി തൊപ്പി ധരിച്ചാണ് വേദിയിലെത്തിയത്.
എല്ലാ പാർലമെന്റംഗങ്ങളോടും മുതിർന്ന നേതാക്കളോടും കാവി തൊപ്പി ധരിക്കാൻ ആവശ്യപ്പെട്ടതായി സംസ്ഥാന ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. കാവി നിറത്തിലുള്ള വസ്ത്രം വരും ദിവസങ്ങളിൽ ബി.ജെ.പി പ്രവർത്തകരുടെ ഐഡന്റിറ്റിയായി മാറുമെന്നാണ് കരുതുന്നത്. ഒന്നിലധികം തവണ അവലോകനം ചെയ്തതിന് ശേഷമാണ് കാവിതൊപ്പികൾ സ്ഥിരമാക്കാന്‍ തീരുമാനിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.
സമാജ് വാദി നേതാക്കളുടെ ചുവന്ന തൊപ്പികൾക്ക് പകരമായാണ് കാവിതൊപ്പികൾ ബി.ജെ.പി അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ സമാജ് വാദിക്കെതിരായി ചുവപ്പ് നിറം അപകടത്തെയാണ് സൂചിപ്പിക്കുന്നതെന്ന ബി.ജെ.പിയുടെ ആരോപണം തൊപ്പികളെക്കുറിച്ചുള്ള ചർച്ചകൾക്ക് സംസ്ഥാനത്ത് തുടക്കമിട്ടിരുന്നു. അതിന് ശേഷം അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള എല്ലാ എസ്.പി നേതാക്കളും ചുവന്ന തൊപ്പികൾ ധരിച്ച് തന്നെയാണ് രാഷ്ട്രീയ ചടങ്ങുകളിലെത്തിയിരുന്നത്.
ഇതോടെ കോൺഗ്രസ് നേതാക്കളുടെ വെള്ളതൊപ്പികൾക്കും ബി.എസ്.പി നേതാക്കളുടെ നീല തൊപ്പികൾക്കും രാഷ്ട്രീയ ലോക്ദൾ നേതാക്കളുടെ പച്ച തൊപ്പികൾക്കും ശേഷം ബി.ജെ.പിയുടെ കാവിതൊപ്പികളും രാഷ്ട്രീയത്തിൽ ഇടം പിടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

