മായാവതിയെ ആവശ്യമില്ലെന്ന് യു.പി കോൺഗ്രസ് വക്താവ്
text_fieldsലഖ്നോ: കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കില്ലെന്ന മായാവതിയുടെ പരാമർശത്തിന് മറുപടിയുമായി കോൺ ഗ്രസ്. മായാവതിയെ പാർട്ടിക്ക് ആവശ്യമില്ലെന്നാണ് കോൺഗ്രസ് ഉത്തർപ്രദേശ് വക്താവ് പ്രതികരിച്ചത്.
ബി.എസ്.പിയുമായി സഖ്യം ചേരണോ എന്ന കാര്യം തീരുമാനിക്കുന്നത് കോൺഗ്രസാണ്.മായാവതിക്ക് പാർലമെൻറിൽ ഒരു സീറ്റുപോലുമില്ല. പിന്നെ എങ്ങനെയാണ് കോൺഗ്രസ് സഖ്യമുണ്ടാക്കണോ എന്ന കാര്യം അവർ തീരുമാനിക്കുക. ഞങ്ങൾ തെരഞ്ഞെടുപ്പിെന ഒറ്റക്കാണ് നേരിടുന്നത്. ഞങ്ങൾക്ക് അവരെ ആവശ്യമില്ല -വക്താവ് രാജീവ് ബക്ഷി പറഞ്ഞു.
മായാവതി തകരാൻ പോകുന്ന എസ്.പി സഖ്യവുമായി യോജിച്ച് പ്രവർത്തിക്കെട്ട. 15-20 ദിവസം കൂടി കാത്തിരുന്നാൽ കാര്യങ്ങൾ ചുരുളഴിയുമെന്നും ബക്ഷി കൂട്ടിച്ചേർത്തു.
ഒരു സംസ്ഥാനത്തിലും കോൺഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമില്ലെന്നായിരുന്നു മായാവതിയുടെ പ്രസ്താവന. സത്യസന്ധമായ ഉദ്ദേശ്യത്തോടെയും പരസ്പര ബഹുമാനത്തോടെയുമുള്ള സഖ്യമാണ് ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയും ബി.എസ്.പിയും തമ്മിലുള്ളത്. ബി.ജെ.പിയെ പരാജയപ്പെടുത്താനും സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരാനും പ്രാപ്തിയുള്ള സഖ്യമാണ് അതെന്നും മായാവതി പറഞ്ഞിരുന്നു.
