വാരണാസിയിൽ മണികർണിക ഘാട്ടിലെ വികസനപ്രവൃത്തിക്കെതിരെ വൻ പ്രതിഷേധം; കോൺഗ്രസിനെ കുറ്റപ്പെടുത്തി യോഗി
text_fieldsലഖ്നോ: വാരണാസിയിലെ പുരാതനമായ മണികർണിക ഘാട്ടിലെ പൊളിക്കലുകൾക്കെതിരെ പ്രതിഷേധം ശക്തം. ഘാട്ട് വികസനത്തിന്റെ പേരിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് സ്ഥാപിച്ച് ദേവി അഹല്യാഭായി ഹോൾക്കറിന്റെ പ്രതിമ തകർത്തുവെന്ന് ആരോപിച്ചാണ് പ്രതിഷേധങ്ങൾ തുടങ്ങിയത്. മണികർണിക ഘാട്ടിന്റെ തകർന്നുകിടക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വലിയ പ്രതിഷേധം ഉയർന്നത്.
എന്നാൽ, പ്രതിഷേധങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിശദീകരണം. ഇന്ത്യയുടെ വിശ്വാസത്തെ അപമാനിക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വിവാദങ്ങളുണ്ടാക്കി ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് അവരുടെ ശ്രമം. ഇന്ന് നമ്മൾ വികസനത്തിന്റെ പാതയിലാണ്. കാശി വിശ്വനാഥക്ഷേത്രം മുഖംമിനുക്കിയപ്പോഴും അതിനെതിരെയും പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ, അത് ടൂറിസം രംഗത്ത് നൂറുകണക്കിന് അവസരങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
മണികർണിക ഘാട്ടിൽ സ്ഥാപിച്ചിട്ടുള്ള ദേവി അഹില്യഭായി ഹോൾക്കറിന്റെ പ്രതിമ ഘാട്ട് വികസനത്തിന്റെ പേരിൽ തകർത്തുവെന്ന ആരോപണം ഉയർന്നതോടെയാണ് വലിയ പ്രതിഷേധം ഉണ്ടായത്. തകർന്നുകിടക്കുന്ന ഘാട്ടിന്റെ വിഡിയോകളും പുറത്ത് വന്നതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. വാരണാസിയിലെ പ്രാദേശിക ചരിത്രകാരൻമാർ ഉൾപ്പടെ മണികർണിക ഘാട്ടിലെ നിർമാണപ്രവർത്തനങ്ങൾക്കെതിരെ രംഗത്തെത്തിയിരുന്നു.
വാരണാസിയിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്ന ഏറ്റവും വലിയ ഘാട്ടുകളിലൊന്നാണ് മണികർണിക. മരണശേഷം ഇവിടെ മൃതദേഹം ദഹിപ്പിച്ചാൽ മരിച്ചയാൾക്ക് മോക്ഷം ലഭിക്കുമെന്നാണ് ഹിന്ദുവിശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

