കോവിഡ് ഭീഷണിയെ തുടർന്ന് ഉത്തരാഖണ്ഡ് റദ്ദാക്കിയ കാൻവാർ യാത്രക്ക് അനുമതി നൽകി ഉത്തർപ്രദേശ്
text_fieldsലഖ്നോ: കോവിഡ് ഭീഷണിയെ തുടർന്ന് ഉത്തരാഖണ്ഡ് റദ്ദാക്കിയ കാൻവാർ യാത്രക്ക് അനുമതി നൽകി ഉത്തർപ്രദേശ്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രക്ക് ഉത്തരാഖണ്ഡ് സർക്കാർ അനുമതി റദ്ദാക്കിയത്. ചടങ്ങിനായി ആരും ഹരിദ്വാറിലെത്തേണ്ടെന്നും ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചിരുന്നു.
എന്നാൽ, ഉത്തരാഖണ്ഡ് സർക്കാറിന്റെ നിരോധനം കണക്കിലെടുക്കാതെ കാൻവാർ യാത്രക്ക് അനുമതി നൽകിയിരിക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ. ജൂലൈ 25ന് നടക്കുന്ന യാത്രക്കാണ് അനുമതി. ഹരിദ്വാറിൽ ഗംഗ നദിയിൽ നിന്ന് ജലം ശേഖരിച്ച് സ്വന്തം പ്രദേശത്തെ അമ്പലങ്ങളിൽ കൊണ്ടു പോകുന്നതാണ് കാൻവാർ യാത്ര.
യാത്രക്കുള്ള സജ്ജീകരണങ്ങൾ ഒരുങ്ങാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. യാത്രക്കുള്ള വിശദമായ നിർദേശങ്ങൾ ഉടൻ പുറത്തിറക്കുമെന്ന് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി അറിയിച്ചു.

