ലഖ്നോ: യു.പിയെ ഒരു ട്രില്യൺ യു.എസ് ഡോളറിന്‍റെ (73 ലക്ഷം കോടി രൂപ) സമ്പദ്ഘടനയാക്കി വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്ഘടനയാക്കി വളർത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ പ്രാപ്തമാക്കാനാണ് യു.പി തയാറെടുക്കുന്നതെന്ന് യോഗി പറഞ്ഞു.
വ്യവസായ മേഖലയുടെ പിന്തുണയുണ്ടെങ്കിൽ യു.പിക്ക് ഈ ലക്ഷ്യം കൈവരിക്കാനാകും. മൂന്നു വർഷത്തെ സ്ഥിരതയുള്ള പരിശ്രമങ്ങളുടെ ഫലമായാണ് രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ യു.പി രണ്ടാം സ്ഥാനം നേടിയതെന്നും ആദിത്യനാഥ് പറഞ്ഞു.
സംരംഭകരോടും നിക്ഷേപകരോടും യു.പിയിലേക്ക് വരാനും ആദിത്യനാഥ് അഭ്യർഥിച്ചു. വൈദ്യുതി, റോഡ് ഗതാഗതം, വാർത്താവിനിമയം, ക്രമസമാധാനം എന്നീ മേഖലയിലെല്ലാം വലിയ കുതിച്ചുചാട്ടമാണുണ്ടായതെന്നും ആദിത്യനാഥ് പറഞ്ഞു.
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കഴിഞ്ഞ തവണ 12ാം സ്ഥാനത്തായിരുന്ന യു.പിയാണ് ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയത്. തുടർച്ചയായ മൂന്നാം തവണയും ആന്ധ്രപ്രദേശ് ആണ് ഒന്നാം സ്ഥാനത്ത്. കേരളം 28ാം സ്ഥാനത്താണ്. 36ാം സ്ഥാനത്തുള്ള ത്രിപുരയാണ് ഏറ്റവും പിറകിൽ.