പാകിസ്താനി സിഖ് കുടുംബത്തെ നാടുകടത്തരുതെന്ന് ഉത്തരാഖണ്ഡ് ഹൈകോടതി
text_fieldsപ്രതീകാത്മക ചിത്രം
നൈനിറ്റാൾ: ദീർഘകാല വിസയിൽ ഡെറാഡൂണിൽ താമസിക്കുന്ന പാകിസ്താനി സിഖ് കുടുംബത്തെ നാടുകടത്താൻ സംസ്ഥാന സർക്കാർ നൽകിയ നോട്ടീസിന് ഉത്തരാഖണ്ഡ് ഹൈകോടതിയുടെ താൽക്കാലിക വിലക്ക്. രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്ന് തെളിയിക്കാത്ത പക്ഷം കുടുംബത്തെ നാടുകടത്തരുതെന്നാണ് കോടതിയുടെ ഉത്തരവ്. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി തീരുമാനമെടുക്കണമെന്നും അടുത്ത വാദം കേൾക്കുന്ന ജൂൺ 15നകം മറുപടി സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
2019 മുതൽ ഡെറാഡൂണിലെ വസന്ത് വിഹാറിൽ താമസിക്കുന്ന സിഖ് കുടുംബം 24 മണിക്കൂറിനകം രാജ്യം വിടണമെന്ന് കാണിച്ച് സംസ്ഥാന സർക്കാർ നൽകിയ നോട്ടീസ് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് കോടതിയുടെ നിർണായക ഇടപെടൽ. ജസ്റ്റിസ് മനോജ് കുമാർ തിവാരി അധ്യക്ഷനായ സിഗ്ൾ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ സ്വദേശിയായ മൻജിത് സിങ് ഡെറാഡൂണിൽ പോളിഷിങ് സാമഗ്രികളുടെ വിതരണക്കാരനായി ജോലി ചെയ്തുവരികയാണ്. 2019ൽ കുടുംബത്തോടൊപ്പം ദീർഘകാല വിസയിൽ ഇന്ത്യയിലെത്തിയ ഇദ്ദേഹത്തിന്റെ വിസയുടെ കാലാവധി 2026 ഡിസംബർ 10 വരെ നീട്ടിനൽകിയിട്ടുള്ളതാണെന്ന് മൻജിത് സിങ്ങിന്റെ അഭിഭാഷകൻ വികാസ് കുമാർ ഗുഗ്ലാനി കോടതിയെ അറിയിച്ചു.
എന്നാൽ മേയ് 15നാണ് 24 മണിക്കൂറിനകം രാജ്യം വിടാൻ ആവശ്യപ്പെട്ട് ഉത്തരാഖണ്ഡ് സർക്കാർ ഇദ്ദേഹത്തിന് നോട്ടീസ് അയച്ചത്. ജൂൺ രണ്ടിന് നോട്ടീസ് കൈപ്പറ്റിയ മൻജിത് സിങ് ഉടൻ തന്നെ കോടതിയെ സമീപിക്കുകയായിരുന്നു. തന്നെയും കുടുംബത്തെയും പെട്ടെന്ന് നാടുകടത്താൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസിൽ അതിന്റെ കാരണങ്ങളോ അടിസ്ഥാനമോ വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ഇതുസംബന്ധിച്ച് ഇമെയിൽ ലഭിച്ചിട്ടുണ്ടെന്ന് മാത്രമാണ് ഒറ്റ വരിയിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
തന്റെ വിസക്ക് ഇപ്പോഴും നിയമസാധുതയുണ്ടെന്നും പെട്ടെന്നുള്ള ഈ നടപടി തന്റെ കുടുംബത്തെ പ്രതിസന്ധിയിലാക്കുമെന്നും മൻജിത് സിങ് ഹരജിയിൽ ബോധിപ്പിച്ചു. ഭാര്യയും രണ്ട് പെൺകുട്ടികളും ഒരു മകനും അടങ്ങുന്നതാണ് സിങ്ങിന്റെ കുടുംബം. വിസാ കാലാവധി തീരുന്നതുവരെ ഇന്ത്യയിൽ തുടരാൻ തങ്ങളെ അനുവദിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
എന്നാൽ, കുടുംബം താമസിക്കുന്ന വീടിന് സമീപത്താണ് ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നതെന്നും ഇത് ദേശീയ സുരക്ഷക്ക് ഭീഷണിയുയർത്താൻ സാധ്യതയുള്ളതിനാലാണ് സിങ്ങിനെ പാകിസ്താനിലേക്ക് തിരിച്ചയക്കാൻ ആവശ്യപ്പെട്ടതെന്നുമാണ് സർക്കാർ കോടതിയിൽ വാദിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം മറുപടി നൽകാൻ കോടതി ഇപ്പോൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

