ന്യൂഡൽഹി: പുതുക്കിപ്പണിത റെയിൽവേ സ്റ്റേഷനുകളിൽനിന്നും യാത്ര ചെയ്യുന്നവർക്ക് ഉടൻ യൂസേഴ്സ് ഫീ ഇൗടാക്കിയേക്കും. വിൽപനക്ക് വെക്കുന്ന സ്റ്റേഷനുകൾ വാങ്ങാൻ സ്വകാര്യ കമ്പനികളെ ആകർഷിക്കുകയാണ് ലക്ഷ്യം. ടിക്കറ്റിനൊപ്പം 10 മുതൽ 50 രൂപവരെ ഫീസ് ഇൗടാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
യാത്ര അവസാനിക്കുന്ന സ്റ്റേഷനുകൾ പുതുക്കിയതാണെങ്കിൽ അവിടെയും ഫീസ് ഇൗടാക്കും. ഉദാഹരണത്തിന് ന്യൂഡൽഹി സ്റ്റേഷനിൽനിന്നും പട്ന സ്റ്റേഷനിലേക്ക് യാത്രചെയ്യുന്നയാൾക്ക് രണ്ട് സ്റ്റേഷനിലേയും യൂസേഴ്സ് ഫീസ് നൽകേണ്ടി വരും. എ.സി ഫസ്റ്റ് ക്ലാസ്, സെക്കൻഡ് എ.സി, തേഡ് എ.സി, സ്ലീപ്പർ, അൺറിസർവ്ഡ് എന്നിങ്ങനെ യാത്രക്കാരെ അഞ്ചായി തിരിച്ചായിരിക്കും ഫീസ് ചുമത്തുക. അധിക തുക ഇൗടാക്കുന്നത് സംബന്ധിച്ച് റെയിൽവേ വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ സൂചന നൽകി. കോഴിക്കോട് അടക്കം 400ഓളം സ്റ്റേഷനുകൾ റെയിൽവേ പുതുക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ പാട്ടത്തിന് എടുക്കാനായി സ്വകാര്യ കമ്പനികളെ ആകർഷിക്കാനാണ് പുതുക്കുന്ന സ്റ്റേഷനുകൾക്ക് യുസേഴ്സ് ഫീ ഇൗടാക്കുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കേന്ദ്ര സർക്കാറിെൻറ ധനസമാഹരണ പദ്ധതിക്ക് പണം കെണ്ടത്താനായി വിൽപനക്കുള്ള 40 റെയിൽവേ സ്റ്റേഷനുകളിൽ 12 എണ്ണത്തിൽ അടുത്തിടെ അന്തിമ തീരുമാനമായിരുന്നു.
കാബിനറ്റ് സെക്രട്ടറി രാജീവ് ഗുപ്തയുടെ അധ്യക്ഷതയിൽ രണ്ടു ദിവസത്തെ അവലോകന യോഗത്തിലാണ് ധനസമാഹരണത്തിനായി സ്വകാര്യമേഖലക്ക് നൽകുന്നതിനുള്ള 12 സ്റ്റേഷനുകൾ തീരുമാനിച്ചത്. യാത്ര ട്രെയിനുകളിൽ സ്വകാര്യ കമ്പനികൾ താൽപര്യം പ്രകടിപ്പിക്കാത്തത് കേന്ദ്രത്തിന് തിരിച്ചടിയായിരുന്നു.