അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ ബാലറ്റ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തൂ; കോൺഗ്രസിനെ വെല്ലുവിളിച്ച് ബണ്ടി സഞ്ജയ് കുമാർ
text_fieldsഹൈദരാബാദ്: ഇ.വി.എമ്മുകളെക്കുറിച്ച് പരാതിപ്പെടുന്ന കോൺഗ്രസ് അവർ അധികാരത്തിലിരിക്കുന്ന നാല് സംസ്ഥാനങ്ങളിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് പുതിയ ജനവിധി തേടണമെന്ന് കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാർ. കേരളം, ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലും ബാലറ്റ് ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ താൻ കോൺഗ്രസിനെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടന്ന മുഴുവൻ തെരഞ്ഞെടുപ്പുകളും നിയമവിരുദ്ധമാണെന്നും ലോക്സഭയും സംസ്ഥാന നിയമസഭകളും പിരിച്ചുവിട്ട് ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സഞ്ജയ് കുമാറിന്റെ പ്രതികരണം.
"ഞാൻ കോൺഗ്രസിനെ വെല്ലുവിളിക്കുകയാണ്. തോൽക്കുമ്പോഴെല്ലാം നിങ്ങൾ ഇ.വി.എമ്മുകളെക്കുറിച്ച് പരാതിപ്പെടുന്നു. ഹിമാചൽ പ്രദേശ്, കർണാടക, തെലങ്കാന, കേരളം എന്നീ നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസാണ് അധികാരത്തിലുള്ളത്. ഈ സംസ്ഥാനങ്ങളിൽ നാല് കോൺഗ്രസ് മുഖ്യമന്തിമാരെയും രാജിവെപ്പിക്കണം. എന്നിട്ട് ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തട്ടെ. നിങ്ങൾ അതിന് തയ്യാറാണോ," - ബണ്ടി സഞ്ജയ് കുമാർ ചോദിച്ചു.
നേരത്തെ, രാജ്യത്ത് നടന്ന മുഴുവൻ തെരഞ്ഞെടുപ്പുകളും നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവരുടെ തെരഞ്ഞെടുപ്പ് പോലും നിയമവിരുദ്ധമാണെന്നും ആരോപിച്ചു. ഇ.വി.എം മെഷീൻ എസ്.ഐ.ആർ നടപടിക്രമങ്ങളിൽ നിരവധി ക്രമക്കേടുകളാണ് പുറത്തുവരുന്നതെന്നും സർക്കാറിന്റെ ഭാഗത്തുനിന്ന് ഒട്ടേറെ പിഴവുകൾ വരുത്തുന്നതിലൂടെ ജനാധിപത്യം ദുർബലപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രതിപക്ഷ പാർട്ടികൾക്ക് പൊതുജന പിന്തുണയില്ലെന്നും വികസന, ക്ഷേമ പരിപാടികളിൽ എൻ.ഡി.എ സർക്കാരിനെ ചോദ്യം ചെയ്യാൻ അവർക്ക് കഴിയുന്നില്ലെന്നും ബണ്ടി സഞ്ജയ് കുമാർ അവകാശപ്പെട്ടു. ജനങ്ങൾക്കിടയിൽ എസ്.ഐ.ആറിനെക്കുറിച്ച് ഒരു ചർച്ചയും നടക്കുന്നില്ല. കാരണം അവർക്ക് അവരുടെ വോട്ടിനെയും വികസനത്തെയും കുറിച്ച് മാത്രമേ ആശങ്കയുള്ളൂ. ഒക്ടോബർ 2 ന് മുംബൈയിൽ നടന്ന പരിപാടിയിൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റുകൾ, ആം ആദ്മി പാർട്ടി, കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) എന്നിവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അതിൽ ആളുകളുടെ പങ്കാളിത്തം കുറവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

