ജെ.ഡി. വാൻസും കുടുംബവും താജ്മഹൽ സന്ദർശിച്ചു
text_fieldsആഗ്ര: യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കുടുംബവും താജ്മഹൽ സന്ദശിച്ചു. ഭാര്യ ഉഷ വാൻസും മൂന്ന് മക്കളുമാണ് വാൻസിനൊപ്പമുണ്ടായിരുന്നത്. 'വിസ്മയിപ്പിക്കുന്നതാണ് താജ്മഹൽ. യഥാർഥ പ്രണയത്തിന്റെ സ്മാരകമാണത്. മനുഷ്യന്റെ മഹത്തായ കലാവിരുന്ന്. ഇന്ത്യ എന്ന മഹത്തായ രാജ്യത്തിന് ആദരം.''-സന്ദർശനത്തിന് ശേഷം വാൻസ് സന്ദർശന ഡയറിയിൽ കുറിച്ചു. ജയ്പൂരിൽ നിന്ന് ബുധനാഴ്ചയാണ് വാൻസും കുടുംബവും ആഗ്ര വിമാനത്താവളത്തിലിറങ്ങിയത്. ഇവിടെ സ്വീകരിക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയിരുന്നു.
''ആദരണീയനായ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും കുടുംബത്തിനും ഇന്ത്യയുടെ പരിശുദ്ധ ഭൂമിയായ ഉത്തർപ്രദേശിലേക്ക് ഊഷ്മള സ്വാഗതം. കാലാതീതമായ ഭക്തി, ഊർജസ്വലമായ സംസ്കാരം, ആത്മീയ പൈതൃകം എന്നിവയാൽ പ്രശസ്തമാണ് നമ്മുടെ സംസ്കാരം''-വാൻസിന് സ്വാഗതം പറഞ്ഞ് ആദിത്യ നാഥ് എക്സിൽ കുറിച്ചത്.വിമാനത്താവളത്തിൽ നിന്ന് കാറിലാണ് ഇവർ താജ് മഹലിൽ എത്തിയത്.
അവരുടെ വാഹനവ്യൂഹത്തിന്റെ പാതയിലെ വഴികൾ പൂക്കളാൽ അലങ്കരിച്ചിരുന്നു. നൂറുകണക്കിന് സ്കൂൾ കുട്ടികൾ തെരുവുകളിൽ യു.എസ് പതാകയും ത്രിവർണ പതാകയും വീശുകയും ചെയ്തു.
നാലുദിവസത്തെ സന്ദർശനത്തിനായാണ് വാൻസ് ഇന്ത്യയിലെത്തിയത്. നേരത്തേ അക്ഷർധാം ക്ഷേത്രം സന്ദർശിച്ചിരുന്നു. തിങ്കളാഴ്ചയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. യു.എസ് വൈസ് പ്രസിഡൻറായി ചുമതലയേറ്റ ശേഷമുള്ള വാൻസിന്റെ പ്രഥമ ഇന്ത്യൻ സന്ദർശനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

