ആൻഡമാനിലെ നിരോധിത മേഖലയിൽ പ്രവേശിച്ച യു.എസ് വിനോദസഞ്ചാരി അറസ്റ്റിൽ
text_fieldsപോർട്ട്ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ നിരോധിത പ്രദേശത്ത് കടന്നുകയറാൻ ശ്രമിച്ച അമേരിക്കൻ വിനോദസഞ്ചാരി അറസ്റ്റിൽ. ആദിവാസി മേഖലയായ നോർത്ത് സെന്‍റിനൽ ദ്വീപിൽ പ്രവേശിക്കാനാണ് 24കാരനായ യു.എസ് പൗരൻ ശ്രമിച്ചത്.
മാർച്ച് 31ന് നടന്ന സംഭവത്തിൽ വെള്ളിയാഴ്ച പോർട്ട്ബ്ലെയർ സെഷൻസ് കോടതി യു.എസ് പൗരന് ജാമ്യം അനുവദിച്ചു. രണ്ടു പേരുടെ ആൾ ജാമ്യം അടക്കം കർശന ജാമ്യവ്യവസ്ഥകളിലാണ് താൽകാലികമായി വിട്ടയച്ചത്.
ആഴ്ചയിൽ രണ്ടു തവണ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം, പാസ്പോർട്ടും വിസയും കോടതിയുടെ അനുമതിയില്ലാത കൈമാറരുത്, വിചാരണ പൂർത്തിയാകും വരെ പോർട്ട്ബ്ലെയറിൽ ഉണ്ടാവണമെന്നുമാണ് മറ്റ് ജാമ്യ വ്യവസ്ഥകൾ.
1946ലെ വിദേശി നിയമത്തിലെ വകുപ്പുകൾ, 2012ലെ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ (ആദിമ ഗോത്രങ്ങളുടെ സംരക്ഷണം) ഭേദഗതി ചട്ടം എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ഇന്ത്യയുടെ അധീനതയിൽ വരുന്നതും ബംഗാൾ ഉൾക്കടലിൽ ഏകദേശം 72 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ ഉള്ളതുമാണ് നോർത്ത് സെന്റിനെൽ ദ്വീപ്. വേറിട്ട സംസ്‌കാരം പിന്തുടരുന്ന ഗോത്ര വർഗക്കാരായ സെന്റിനെലീസ് വംശജരാണ് ഇവിടെ താമസിക്കുന്നത്. അതിനാൽ ദ്വീപിന്‍റെ മൂന്നു കിലോമീറ്റർ ചുറ്റളവിൽ കേന്ദ്ര സർക്കാർ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

