ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും; ഇന്ത്യയേക്കാൾ അനിവാര്യമായ മറ്റൊരു രാജ്യം ഇല്ലെന്ന് യു.എസ്, ട്രംപും മോദിയും തമ്മിലുള്ളത് ആഴത്തിലുള്ള സൗഹൃദം
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും. യു.എസിന് ഇന്ത്യയേക്കാൾ അനിവാര്യമായ മറ്റൊരു രാജ്യം ഇല്ലെന്ന് നിയുക്ത യു.എസ് അംബാസഡർ സെർജിയോ ഗോർ. ഇന്ത്യയും യു.എസും വ്യാപാര കരാറിന്റെ അടുത്തഘട്ട ചർച്ചകൾ ചൊവ്വാഴ്ച തുടങ്ങുമെന്നും സെർജിയോ ഗോർ വ്യക്തമാക്കി. യു.എസ് എംബസിയിലെ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ പ്രത്യേക ദൂതനാണ് ഗോർ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ട്രംപിന്റെ സൗഹൃദം യഥാർഥമാണെന്നും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും അടുത്ത സുഹൃത്തുക്കളായ ഇരുവരും ചേർന്ന് പരിഹരിക്കുമെന്നും ഗോർ പറഞ്ഞു.
യു.എസും ഇന്ത്യയും തമ്മിലുള്ളത് ആഴത്തിലുള്ള ബന്ധമാണ്. യഥാർഥ സുഹൃത്തുക്കൾ തമ്മിൽ പല കാര്യങ്ങളിലും വിയോജിപ്പ് സ്വാഭാവികമാണ്. പക്ഷേ അവർക്ക് പരസ്പരമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയും. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രമാണ് ഇന്ത്യ. അവർക്കൊപ്പമെത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഫിനിഷിങ് ലൈൻ കടക്കുമെന്ന് യു.എസ് ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്നും ഗോർ പറഞ്ഞു. ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ വ്യാപാരം വളരെ പ്രധാനമാണ്. സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വളരെ പ്രധാനപ്പെട്ട മറ്റ് മേഖലകളിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും ഗോർ അഭിപ്രായപ്പെട്ടു.
ട്രംപിനൊപ്പം താൻ രാജ്യം മുഴുവൻ യാത്ര ചെയ്തിട്ടുണ്ടെന്നും മോദിയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദം യഥാർഥമാണെന്ന് ഉറപ്പിച്ചു പറയാൻ പറ്റുമെന്നും ഗോർ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുക എന്നതാണ് തന്റെ നിയമനത്തിന്റെ ലക്ഷ്യമെന്ന് നിയുക്ത യു.എസ് അംബാസഡർ പറഞ്ഞു. അടുത്ത വർഷത്തോടെ ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
''ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യ രാജ്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള കൂടിച്ചേരലാണിത്. പ്രസിഡന്റ് ട്രംപ് അദ്ദേഹത്തോടൊപ്പമുള്ള എന്റെ അവസാന അത്താഴ വേളയിൽ തന്റെ അവസാന ഇന്ത്യാ സന്ദർശനത്തെക്കുറിച്ചും ഇന്ത്യയുടെ മഹാനായ പ്രധാനമന്ത്രിയുമായുള്ള തന്റെ മഹത്തായ സൗഹൃദത്തെക്കുറിച്ചും സ്മരിക്കുകയുണ്ടായി. അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പ്രസിഡന്റ് ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് ട്രംപിന് പുലർച്ചെ രണ്ടു മണിക്ക് വിളിക്കുന്ന ശീലമുണ്ട്. ന്യൂഡൽഹിയിലെ സമയ വ്യത്യാസം കണക്കിലെടുക്കുമ്പോൾ അത് വളരെ നന്നായി പ്രവർത്തിച്ചേക്കാം''- ഗോർ വ്യക്തമാക്കി.
ഇന്ത്യയുമായുള്ള തന്ത്രപരമായ ബന്ധത്തിന്റെ പ്രാധാന്യത്തെയും ഗോർ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

