ഇന്ത്യയിലെ വിദ്വേഷപ്രസംഗങ്ങളിലും ന്യൂനപക്ഷങ്ങളുടെ സ്ഥിതിയിലും ആശങ്കയെന്ന് യു.എസ്
text_fieldsവാഷിങ്ടൺ: ഇന്ത്യയിലെ വിദ്വേഷ പ്രസംഗങ്ങളിലും മതമാറ്റ വിരുദ്ധ നിയമങ്ങളിലും ആശങ്കയുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് 200 രാജ്യങ്ങളുടെ റിപ്പോർട്ട് പുറത്തിറക്കുന്നവേളയിലാണ് ആന്റണി ബ്ലിങ്കന്റെ പരാമർശം. ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളും ആരാധനാലയങ്ങളും തകർക്കുന്നതിലും ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെ ലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും മതസ്വാതന്ത്ര്യത്തിന് ബഹുമാനം ലഭിക്കുന്നില്ല. മതസ്വാതന്ത്ര്യം സംരക്ഷിക്കാനായി ഗൗരവകരമായ ചില ഇടപെടലുകൾ ആളുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ടെന്നും ബ്ലിങ്കൻ പറഞ്ഞു.
ഇന്ത്യയിൽ മതംമാറ്റ വിരുദ്ധ നിയമങ്ങൾ, വിദ്വേഷ പ്രസംഗം,ന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധാനാലയങ്ങളും തകർക്കൽ എന്നിവയെല്ലാം വർധിക്കുകയാണ്. അതേസമയം തന്നെ മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളും ലോകത്ത് സജീവമാവുകയാണെന്നും യു.എസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ 10 എണ്ണത്തിലും മതംമാറ്റം തടയുന്നതിന് വേണ്ടിയുള്ള നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. അക്രമത്തിൽ നിന്നും തങ്ങളെ സംരക്ഷിക്കാനും ന്യൂനപക്ഷങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്താനുമുള്ള കേന്ദ്രസർക്കാറിന്റെ കഴിവിൽ ഒരുവിഭാഗം ന്യൂനപക്ഷങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും യു.എസിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ യു.എസ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ട് അംഗീകരിക്കാൻ ഇന്ത്യ തയാറായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

