2008 മുംബൈ ഭീകരാക്രമണത്തിന് പാകിസ്താനോട് പ്രതികാരം ചെയ്യാതിരുന്നത് അമേരിക്കയുടെയും മറ്റും സമ്മർദം കാരണം -വെളിപ്പെടുത്തലുമായി ചിദംബരം
text_fieldsന്യൂഡൽഹി: 2008 ലെ മുംബൈ ഭീകരാക്രമണ പരമ്പരക്ക് പാകിസ്താനെതിരെ പ്രതികാരം ചെയ്യേണ്ടെന്ന് തീരുമാനിച്ചത് അമേരിക്കയുടെയും മറ്റുള്ളവരുടെയും സമ്മർദം കാരണമെന്ന് വെളിപ്പെടുത്തി മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായി പി. ചിദംബരം. അന്താരാഷ്ട്ര സമ്മർദവും വിദേശകാര്യ മന്ത്രാലയത്തിന്റെയും മറ്റും നിലപാട് കാരണം അന്നത്തെ യു.പി.എ സർക്കാർ പാകിസ്താനെതിരെ പ്രതികാരം ചെയ്യേണ്ടെന്നും സൈനിക നടപടി വേണ്ടെന്നും തീരുമാനിക്കുകയായിരുന്നെന്നാണ് ചിദംബരം വെളിപ്പെടുത്തിയത്. തനിക്ക് പ്രതികാരം ചെയ്യാൻ തോന്നിയിരുന്നെന്നും അദ്ദേഹം സമ്മതിച്ചു.
ഭീകരാക്രമണമുണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചിദംബരം ചുമതലയേറ്റത്. യുദ്ധം ആരംഭിക്കരുതെന്ന് പറയാൻ ലോകം മുഴുവൻ ഡൽഹിയിലേക്ക് വന്നു എന്ന് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ചിദംബരം പറഞ്ഞു. ഞാൻ ചുമതലയേറ്റ് രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ അന്നത്തെ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസ് എന്നെയും പ്രധാനമന്ത്രിയെയും കാണാൻ എത്തി. ‘ദയവായി പ്രതികരിക്കരുത്’ എന്ന് പറയാൻ. ഇത് സർക്കാർ എടുക്കുന്ന തീരുമാനമാണെന്ന് ഞാൻ പറഞ്ഞു. ഒരു ഔദ്യോഗിക രഹസ്യവും വെളിപ്പെടുത്താതെ, നമുക്ക് എന്തെങ്കിലും പ്രതികാര നടപടി സ്വീകരിക്കണമെന്ന് എനിക്ക് മനസ്സിൽ തോന്നിയിരുന്നു. സാധ്യമായ പ്രതികാര നടപടിയെക്കുറിച്ച് പ്രധാനമന്ത്രിയുമായും പ്രധാനപ്പെട്ട മറ്റ് ആളുകളുമായും ചർച്ച ചെയ്തു. ആക്രമണം നടക്കുമ്പോൾ പോലും പ്രധാനമന്ത്രി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ സ്വാധീനത്താൽ സാഹചര്യത്തോട് നമ്മൾ പ്രതികരിക്കരുതെന്ന നിഗമനത്തിലെത്തി -അദ്ദേഹം ഓർമ്മിച്ചു.
2008 നവംബർ 26ന് 10 പാക് ഭീകരരുടെ സംഘം ഛത്രപതി ശിവാജി മഹാരാജ് ട്രെയിൻ സ്റ്റേഷൻ, ഒബ്റോയ് ട്രൈഡന്റ്, താജ്മഹൽ പാലസ് ആൻഡ് ടവർ ഹോട്ടൽ, ലിയോപോൾഡ് കഫേ, കാമ ആശുപത്രി, നരിമാൻ ഹൗസ് എന്നിവിടങ്ങളിൽ ആക്രമണം നടത്തുകയായിരുന്നു. ഏതാണ്ട് 60 മണിക്കൂറുകൾക്കുശേഷം നവംബർ 29ന് ഇന്ത്യൻ സൈന്യം അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചുപിടിക്കുന്നത് വരെ ആക്രമണം നീണ്ടു. 22 വിദേശികളടക്കം 175 പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈ പോലീസ് പിടികൂടിയ ഭീകരരിൽ ഒരാളായ അജ്മൽ കസബിനെ 2012ൽ തൂക്കിലേറ്റി.
അതേസമയം, ചിദംബരത്തിന്‍റെ വെളിപ്പെടുത്തലിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. വിദേശ ശക്തികളുടെ സമ്മർദം മൂലമാണ് മുംബൈ ആക്രമണം തെറ്റായി കൈകാര്യം ചെയ്തതെന്ന രാജ്യത്തിന് അറിയാവുന്ന കാര്യം 17 വർഷങ്ങൾക്കുശേഷം മുൻ ആഭ്യന്തര മന്ത്രി സമ്മതിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
പാകിസ്താനെതിരായ സൈനിക നടപടി തടഞ്ഞ മറ്റുള്ളവർ ആരാണെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനെവാല ചോദിച്ചു. സോണിയ ഗാന്ധിയോ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങോ ആണോ ആ നീക്കം തടഞ്ഞത് എന്നും അദ്ദേഹം ചോദിച്ചു. കോണ്ടലീസ റൈസിന്റെ സ്വാധീനത്തിലാണ് യു.പി.എ സർക്കാർ പ്രവർത്തിച്ചിരുന്നതെന്ന് ആരോപിച്ച അദ്ദേഹം, എന്തുകൊണ്ടാണ് യു.പി.എ സർക്കാർ അവരിൽനിന്ന് ഉത്തരവുകൾ സ്വീകരിച്ചതെന്നും സോണിയ ഗാന്ധി ആഭ്യന്തരമന്ത്രിയെ മറികടന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

