ലൈംഗികാതിക്രമം, ഭീകരവാദം, ഇന്ത്യയിലേക്ക് സ്ത്രീകൾ ഒറ്റക്ക് യാത്ര ചെയ്യരുത്; പൗരൻമാർക്ക് ജാഗ്രതാ നിർദേശവുമായി യു.എസ്
text_fieldsഇന്ത്യ സന്ദർശിക്കുന്ന യു.എസ് പൗരൻമാർക്കുള്ള യാത്രാ ജാഗ്രതാ നിർദേശങ്ങൾ പുതുക്കി യു.എസ്. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നാണ് നിർദേശത്തിലുള്ളത്. ഭീകരവാദവും, ലൈംഗിക അതിക്രമവും ആണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ലൈംഗികാതിക്രമമാണ് ഇന്ത്യയിലെ ഏറ്റവും കൂടുതലുള്ള കുറ്റകൃത്യമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുൾപ്പെടെ ഇത്തരത്തിലുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണെന്നും ഭീകരവാദികൾ യാതൊരു മുന്നറിയിപ്പും കൂടാതെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും നിർദേശത്തിൽ പറയുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളും ഗതാഗത സംവിധാനങ്ങളും ഷോപ്പിങ് മോളുകളും, ഒക്കെയാണ് അവരുടെ ലക്ഷ്യമെന്നും നിർദേശത്തിലുണ്ട്.
ഗ്രാമീണ മേഖലകളിൽ തങ്ങളുടെ പൗരൻമാർക്ക് സഹായങ്ങൾ നൽകുന്നതിന് പരിമിതിയുണ്ട്. മഹാരാഷ്ട്ര, വടക്കൻ തെലങ്കാന, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിലാണ് ഇത്തരം പ്രദേശങ്ങൾ വ്യാപിച്ചു കിടക്കുന്നത്. അപകട സാധ്യത കണക്കിലെടുത്ത് ഇന്ത്യയിൽ ജോലി ചെയ്യുന്ന യു.എസ് പൗരൻമാരോട് മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാൻ പ്രത്യേകം അനുമതി തേടണമെന്നും നിർദേശമുണ്ട്. ഇത്തരത്തിൽ അനുമതി ഇല്ലാതെ പോകാൻ കഴിയാത്ത ഇടങ്ങളിൽ ജമ്മു കശ്മീരും, മധ്യ ഇന്ത്യയിലെയും കിഴക്കേ ഇന്ത്യയിലെയും സ്ഥലങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിനെയും പ്രത്യേകം ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഈ സംസ്ഥാനങ്ങളുടെയൊന്നും തലസ്ഥാന നഗരങ്ങളിലേക്ക് പോകുന്നതിന് മുൻകൂർ അനുമതി പൗരൻമാർക്ക് ആവശ്യമില്ല. സ്ത്രീകളോട് ഇന്ത്യയിലെവിടെയും ഒറ്റക്ക് യാത്ര ചെയ്യരുതെന്നാണ് യു.എസ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

