വ്യാപാരക്കരാർ ചർച്ചകൾക്കിടെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ അമേരിക്ക
text_fieldsവാഷിങ്ടൺ/ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, അന്യായമായ വ്യാപാര രീതികൾ പിന്തുടരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി യുനൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസെന്റേറ്റീവിന്റെ (യു.എസ്.ടി.ആർ) ഓഫിസ്.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം മുതൽ 12.5 ശതമാനം വരെ അധിക തീരുവ ചുമത്താനാണ് യു.എസ്.ടി.ആർ നിർദേശിക്കുന്നത്.
സെക്ഷൻ 301 പ്രകാരം നടത്തിയ 60 അന്വേഷണങ്ങളുടെ ഫലം യു.എസ്.ടി.ആർ പുറത്തുവിട്ടു. നിർബന്ധിത തൊഴിലിലൂടെ ഉൽപാദദിപ്പിച്ചതാണെന്ന് ആരോപിക്കപ്പെടുന്ന സാധനങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതിനോ ഫലപ്രദമായി തടയുന്നതിനോ മതിയായ സംവിധാനങ്ങളില്ലാത്ത 54 സമ്പദ്‌വ്യവസ്ഥകളിൽ ഇന്ത്യയുമുണ്ടെന്നാണ് കണ്ടെത്തൽ.
ഉഭയകക്ഷി വ്യാപാര കരാർ യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെയും ഇന്ത്യയിലെയും മുതിർന്ന വാണിജ്യ ഉദ്യോഗസ്ഥർ ന്യൂഡൽഹിയിൽ ത്രിദിന ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നതിനിടെയാണ് പുതിയ നീക്കം.
നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ടുള്ള ഇറക്കുമതി നിരോധനം ഇതിനകം നടപ്പിലാക്കിയ രാജ്യങ്ങൾക്കും, പരസ്പര വ്യാപാര ക്രമീകരണത്തിന് കീഴിൽ ഇത്തരം നടപടികൾ അവതരിപ്പിക്കാനും നടപ്പിലാക്കാനും പ്രതിജ്ഞാബദ്ധരായവർക്കും, അല്ലെങ്കിൽ ഇതിന്റെ ഭാഗികമായ നിയന്ത്രണങ്ങളുള്ള രാജ്യങ്ങൾക്കും 10 ശതമാനം അധിക താരിഫ് നേരിടേണ്ടി വരുമെന്ന് യു.എസ്.ടി.ആർ വിജ്ഞാപനത്തിൽ പറയുന്നു. ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത രാജ്യങ്ങൾക്ക് നിർദിഷ്ട അധിക തീരുവ 12.5 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്.
ടെക്സ്റ്റൈൽസ്, അപ്പാരൽ (വസ്ത്ര) മേഖലകൾക്കായി ഒരു പ്രത്യേക സംവിധാനവും യു.എസ്.ടി.ആർ നിർദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള ഒരു നിശ്ചിത അളവിലുള്ള ഇറക്കുമതി കുറഞ്ഞ സെക്ഷൻ 301 താരിഫ് നിരക്കിൽ യു.എസ് വിപണിയിൽ പ്രവേശിക്കാൻ ഇത് അനുവദിക്കും.
അന്വേഷണ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ വ്യാപാര നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഏജൻസി വ്യക്തമാക്കി. ‘നിർബന്ധിത തൊഴിലിലൂടെ നിർമിച്ച സാധനങ്ങളുടെ ഇറക്കുമതി തടയുന്നതിൽ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളുടെ വീഴ്ച അംഗീകരിക്കാനാവില്ലെന്ന്’ അംബാസഡർ ജാമിസൺ ഗ്രീർ പറഞ്ഞു.
യു.എസ്.ടി.ആർ പറയുന്നതനുസരിച്ച്, താഴെ പറയുന്ന 54 സമ്പദ്‌വ്യവസ്ഥകളാണ് നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിപ്പിച്ച സാധനങ്ങളുടെ ഇറക്കുമതി നിരോധനം ഏർപ്പെടുത്തുന്നതിലും ഫലപ്രദമായി നടപ്പാക്കുന്നതിലും പരാജയപ്പെട്ടത്: അൾജീരിയ, അംഗോള, അർജന്റീന, ഓസ്‌ട്രേലിയ, ബഹാമാസ്, ബഹ്‌റൈൻ, ബംഗ്ലാദേശ്, ബ്രസീൽ, കംബോഡിയ, ചിലി, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്, ഈജിപ്ത്, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഗയാന, ഹോണ്ടുറാസ്, ഹോങ്കോങ് (ചൈന), ഇന്ത്യ, ഇറാഖ്, ഇസ്രായേൽ, ജപ്പാൻ, ജോർഡൻ, കസാക്കിസ്ഥാൻ, കുവൈത്ത്, ലിബിയ, മലേഷ്യ, മൊറോക്കോ, ന്യൂസിലാൻഡ്, നിക്കരാഗ്വ, നൈജീരിയ, നോർവേ, ഒമാൻ, പെറു, ഫിലിപ്പീൻസ്, ഖത്തർ, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂർ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ശ്രീലങ്ക, സ്വിറ്റ്സർലൻഡ്, തായ്‌വാൻ, തായ്‌ലൻഡ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, തുർക്കിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിങ്ഡം, ഉറുഗ്വേ, വെനസ്വേല, വിയറ്റ്നാം.
കൂടാതെ, കാനഡ, ഇക്വഡോർ, യൂറോപ്യൻ യൂണിയൻ, ഇന്തോനേഷ്യ, മെക്സിക്കോ, പാകിസ്താൻ എന്നീ ആറ് സമ്പദ്‌വ്യവസ്ഥകൾ ഇത്തരം ഇറക്കുമതി നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടെന്നും ചൂണ്ടികാട്ടുന്നു.
എന്താണ് സെക്ഷൻ 301?
വിദേശ ഗവൺമെന്റുകളുടെ വ്യാപാര രീതികളും നയങ്ങളും നടപടികളും പരിശോധിക്കാൻ യു.എസ്.ടി.ആറിന് അധികാരം നൽകുന്ന 1974-ലെ യു.എസ് ട്രേഡ് ആക്റ്റിലെ ഒരു വ്യവസ്ഥയാണ് സെക്ഷൻ 301. അത്തരം നടപടികൾ അന്യായമാണോ, വിവേചനപരമാണോ അതോ അമേരിക്കൻ വ്യാപാര-വാണിജ്യ താൽപര്യങ്ങളിൽ യുക്തിരഹിതമായ ഭാരം അടിച്ചേൽപ്പിക്കുന്നതാണോ എന്ന് നിർണയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു രാജ്യം യു.എസ് വാണിജ്യത്തിന് ഹാനികരമായ രീതികളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാൽ, തിരുത്തൽ നടപടികൾ സ്വീകരിക്കാൻ യു.എസ് ഭരണകൂടത്തിന് ഈ വ്യവസ്ഥ അധികാരം നൽകുന്നു. ഉയർന്ന താരിഫുകൾ ചുമത്തുക, വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, അല്ലെങ്കിൽ കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മറ്റ് പരിഹാരമാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നിവ ഇത്തരം നടപടികളിൽ ഉൾപ്പെട്ടേക്കാം.
ഇന്ത്യ-യു.എസ് വ്യാപാര കരാർ ചർച്ചകൾ: നിലവിലെ സ്ഥിതി എന്ത്?
ഇന്ത്യയും അമേരിക്കയും തമ്മിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിനായുള്ള നിയമ ചട്ടക്കൂടിന്റെ ഭൂരിഭാഗം ജോലികളും പൂർത്തിയായെന്നും, അവശേഷിക്കുന്ന ചെറിയ കാര്യങ്ങൾ ക്രമീകരിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ തിങ്കളാഴ്ച പറഞ്ഞു.
എന്നിരുന്നാലും, കഴിഞ്ഞ 15 മാസമായി ചർച്ചയിലുള്ള ഈ കരാർ, അടുത്ത മാസം താൽക്കാലിക 10 ശതമാനം ലെവി അവസാനിച്ചതിന് ശേഷം ട്രംപ് ഭരണകൂടം സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന താരിഫ് നയങ്ങളെക്കുറിച്ച് വ്യക്തത വരുന്നതുവരെ പൂർത്തിയാകാൻ സാധ്യതയില്ല.
ഭാവിയിലെ താരിഫ് നടപടികൾക്കായി സെക്ഷൻ 301 വ്യവസ്ഥകളെ അമേരിക്ക ആശ്രയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് കീഴിൽ മറ്റ് പല രാജ്യങ്ങൾക്കുമൊപ്പം ഇന്ത്യയും നിലവിൽ രണ്ട് വ്യത്യസ്ത അന്വേഷണങ്ങൾ നേരിടുന്നുണ്ട്. മത്സരാധിഷ്ഠിതമായ മറ്റ് കയറ്റുമതി രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ കയറ്റുമതികൾക്ക് മികച്ച താരിഫ് സ്ഥാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ന്യൂഡൽഹി മുൻഗണന നൽകുന്നത്.
തുടർന്നുള്ള സെക്ഷൻ 301 അന്വേഷണങ്ങളെക്കുറിച്ചും ഇന്ത്യ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. സോളാർ മൊഡ്യൂളുകൾ, സംസ്കരിച്ച ഭക്ഷണം, സ്റ്റീൽ, അലുമിനിയം തുടങ്ങിയ മേഖലകളിൽ 15 രാജ്യങ്ങളിലായി നടക്കുന്ന അമിത ഉൽപാദന ശേഷിയെക്കുറിച്ചുള്ളതാണ് ഒരു അന്വേഷണം. നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയാൻ പല രാജ്യങ്ങളും മതിയായ നടപടി സ്വീകരിച്ചിട്ടില്ലെന്ന വാദങ്ങളിലാണ് രണ്ടാമത്തെ അന്വേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഫെബ്രുവരി ആദ്യം ഇന്ത്യയും യു.എസും ഒരു ഇടക്കാല ക്രമീകരണത്തിൽ എത്തിയിരുന്നുവെങ്കിലും കോടതി വിധിയെത്തുടർന്ന് താരിഫ് പ്ലാൻ തടസ്സപ്പെട്ടതോടെ ഇതിന്റെ പുരോഗതി മന്ദഗതിയിലായി. അതിനിടെ, ചൊവ്വാഴ്ച ആരംഭിച്ച ത്രിദിന ചർച്ചകൾക്കായി ഒരു യു.എസ് വ്യാപാര പ്രതിനിധി സംഘം ഇപ്പോൾ ന്യൂഡൽഹിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

