ന്യൂനപക്ഷ വിവേചനം: യു.എസ് മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മോദിയുടെ മറുപടി ദുർബലമെന്ന് കോൺഗ്രസ്
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ന്യൂനപക്ഷ വിവേചനം സംബന്ധിച്ച യു.എസ് മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രീതിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. മോദിയുടെ മറുപടി ദുർബലമെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനധെ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഉത്തരം ശരിയായില്ല. ഇത്രയും ജനങ്ങളുടെ പ്രധാനമന്ത്രി അമേരിക്കയിൽ എന്തുകൊണ്ടാണ് ദുർബലമായ ഉത്തരം നൽകിയതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ഗാന്ധിയുടെ സത്യാഗ്രഹവും രാജധർമ്മവും പിന്തുടർന്നിരുന്നെങ്കിൽ മോദിയുടെ 'ഗർജനം' ആഗോള വേദിയിൽ മുഴങ്ങുമായിരുന്നു. തന്റെ രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിന്റെ സംരക്ഷണത്തെ കുറിച്ച് നെഞ്ചിടിപ്പോടെ പ്രധാനമന്ത്രി പ്രതികരിക്കുമായിരുന്നു.-സുപ്രിയ ചൂണ്ടിക്കാട്ടി.
അതേസമയം, യു.എസ് മാധ്യമപ്രവർത്തകയുടെ ചോദ്യത്തിനെതിരെ രൂക്ഷ വിമർശമവുമായി ബി.ജെ.പി രംഗത്തെത്തി. ന്യൂനപക്ഷ വിവേചനം സംബന്ധിച്ച ചോദ്യത്തിന് പിന്നിൽ ബാഹ്യപ്രേരണയാണെന്ന് ബി.ജെ.പി നേതാവ് അമത് മാളവ്യ ആരോപിച്ചു. ഒരു ടൂൾകിറ്റ് സംഘം ഇതിന് പിന്നിലുണ്ടെന്നും മാളവ്യ പറഞ്ഞു.
യു.എസ് സന്ദർശനത്തിനിടെ പ്രസിഡന്‍റ് ജോ ബൈഡനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് മാധ്യമപ്രവർത്തക പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇന്ത്യയിലെ ന്യൂനപക്ഷ വിവേചനത്തെ കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നുവെന്നും എതിരാളികൾ നിശബ്ദരാക്കപ്പെടുന്നുവെന്നും പരാതി ഉയരുന്നല്ലോ എന്നായിരുന്നു ചോദ്യം. ഒരു വിവേചനവുമില്ലെന്നും ഇന്ത്യയിൽ അതിന് സ്ഥാനമില്ലെന്നുമാണ് മോദി മറുപടി നൽകിയത്.
ജനാധിപത്യം ഇന്ത്യയുടെ ഡി.എൻ.എയാണെന്നും ഇന്ത്യയുടെ സിരകളിലൂടെയാണ് അത് ഒഴുകുന്നതെന്നും മോദി പറഞ്ഞു. ജാതി, മതം, ലിംഗം എന്നിവ അടിസ്ഥാനമാക്കി ഒരു വിവേചനവും ഇന്ത്യയിലില്ല. മാനുഷിക മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാത്ത ഒരു രാജ്യവും ജനാധിപത്യം എന്ന വിശേഷണത്തിന് അർഹരല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രണ്ട് ചോദ്യങ്ങൾ മാത്രം ചോദിക്കാനാണ് സംയുക്ത വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്ക് അവസരം നൽകിയത്. ഒമ്പത് വർഷത്തിനിടെ മോദി പങ്കെടുക്കുന്ന ആദ്യ വാർത്താസമ്മേളനമാണ് ബൈഡനൊപ്പമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

