ഇറാനെതിരായ യു.എസ്-ഇസ്രായേൽ ആക്രമണം: ഇന്ത്യയുടെ മൗനം ആശങ്കാജനകം -മനീഷ് തിവാരി
text_fieldsന്യൂ ഡൽഹി: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ചേർന്നു നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പുലർത്തുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി മനീഷ് തിവാരി. ഒരു രാജ്യത്തിന്റെ ഭരണമാറ്റത്തിനുവേണ്ടി മറ്റുള്ളവർ ചേർന്ന് നടത്തുന്ന സൈനിക നടപടിയെ ഇന്ത്യ ഒരിക്കലും പിന്തുണച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യംചെയ്ത് അദ്ദേഹം പറഞ്ഞു. ‘ദി വയറിന്’ നൽകിയ അഭിമുഖത്തിലായിരുന്നു വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയായ മനീഷ് തിവാരിയുടെ പ്രസ്താവന.
ഇറാനിലെ ഭരണമാറ്റത്തിനുവേണ്ടി അമേരിക്കയും ഇസ്രായേലും ചേർന്നു നടത്തുന്ന യുദ്ധത്തിനെതിരെ ഒരു വാക്കുപോലും പറയാതിരിക്കുന്നതും ആശങ്ക പ്രകടിപ്പിക്കാതിരിക്കുന്നതും വലിയ ഉത്കണ്ഠയുളവാക്കുന്നതാണ്. വികസ്വര രാജ്യങ്ങളുടെ ശബ്ദമായി സ്വയം വിശേഷിപ്പിക്കുന്ന ഇന്ത്യ തന്നെ ഇത്തരം നിലപാട് കൈക്കൊള്ളുന്നത് രാജ്യത്തിന്റെ വിശ്വാസ്യതയെ തകർക്കും. വളരെ വിഷമത്തോടെയാണിത് പറയുന്നത്’ -അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സംയുക്ത ആക്രമണം ആരംഭിച്ചത്. ആക്രമണത്തിന് തൊട്ടുമുമ്പായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ സന്ദർശിച്ചതിനെ തിവാരി വിമർശിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെ തുടർന്ന് ഗൾഫ് മേഖലയിൽ സംഘർഷം വ്യാപിച്ചിരിക്കുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചെങ്കിലും, ഇറാന് മേലുള്ള ആക്രമണത്തെ അപലപിക്കാൻ ഇന്ത്യ ഇതുവരെ തയാറായിട്ടില്ല.
കേവലം, നയതന്ത്ര പ്രശ്നമെന്നതിലുപരി, സംഘർഷം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുമെന്നും ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തിന് തിരിച്ചടിയാകുമെന്നും തിവാരി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

