സുഡാൻ ആഭ്യന്തരയുദ്ധം: ഇന്ത്യൻ പൗരനും ഛത്തീസ്ഗഢ് കമ്പനിയും ഉൾപ്പെടെ എട്ട് പേർക്കെതിരെ അമേരിക്കൻ ഉപരോധം
text_fieldsന്യൂഡൽഹി: സുഡാനിലെ ആഭ്യന്തരയുദ്ധത്തിന് പിന്തുണ നൽകിയെന്നാരോപിച്ച് ഇന്ത്യൻ പൗരനും ഛത്തീസ്ഗഢ് ആസ്ഥാനമായ സ്ഫോടകവസ്തു നിർമാണ കമ്പനിയും ഉൾപ്പെടെ എട്ട് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഉപരോധം നേരിടുന്നവരിൽ ഇന്ത്യൻ പൗരനായ അലോക് ചൗധരി, ഛത്തീസ്ഗഢ് ആസ്ഥാനമായ എസ്.ബി.എൽ എനർജി ലിമിറ്റഡ് കമ്പനിയും ഉൾപ്പെടുന്നു. അമേരിക്കൻ ട്രഷറി വകുപ്പിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ പ്രഖ്യാപിച്ച നടപടിയുടെ ഭാഗമായാണ് ഉപരോധം ഏർപ്പെടുത്തിയത്.
അമേരിക്കയുടെ ആരോപണമനുസരിച്ച്, അലോക് ചൗധരിയുടെ നേതൃത്വത്തിലുള്ള എസ്.ബി.എൽ എനർജി സുഡാനിലെ ടാർഗെറ്റ് മൾട്ടി ആക്ടിവിറ്റീസ് കമ്പനി ലിമിറ്റഡ് (ടി.എം.എ.സി) സ്ഥാപനത്തിന് 2024 മുതൽ 200-ലധികം തവണ സ്ഫോടകവസ്തുക്കളും സ്ഫോടന സാമഗ്രികളും വിതരണം ചെയ്തു. സുഡാന്റെ പ്രതിരോധ വ്യവസായ സംവിധാനത്തിന്റെ ഭാഗമായ ജിയാഡ് ഇൻഡസ്ട്രിയൽ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണെന്നും, ഈ സ്ഥാപനങ്ങൾക്കെതിരെ നേരത്തേ തന്നെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ട്രഷറി വകുപ്പ് അറിയിച്ചു. എസ്.ബി.എൽ എനർജി വിതരണം ചെയ്ത സ്ഫോടകവസ്തുക്കൾ പിന്നീട് സുഡാൻ സായുധ സേന ബോംബുകൾ നിർമ്മിക്കാൻ ഉപയോഗിച്ചെന്നാണ് അമേരിക്കയുടെ ആരോപണം.
"സുഡാനിൽ സമാധാനം മുന്നോട്ട് കൊണ്ടുപോകുന്നതിന് ട്രംപ് ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന്" ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. "സുഡാനിലെ സംഘർഷത്തിൽ നിന്ന് ലാഭം കൊയ്യുന്ന ശൃംഖലകൾ അവിടുത്തെ ജനങ്ങൾക്ക് അത്യന്താപേക്ഷിതമായ മാനുഷിക വെടിനിർത്തൽ കരാറിന്റെ സാധ്യതയെ തകർക്കുകയാണെന്നും "അദ്ദേഹം കൂട്ടിച്ചേർത്തു.
സുഡാൻ സായുധ സേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനോടും ഉപാധികളില്ലാത്ത മൂന്ന് മാസത്തെ മാനുഷിക വെടിനിർത്തൽ അംഗീകരിക്കണമെന്നും, യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇരുകൂട്ടർക്കും ലഭിക്കുന്ന സാമ്പത്തികവും സൈനികവുമായ എല്ലാ ബാഹ്യ പിന്തുണയും അവസാനിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
ഉപരോധത്തിന്റെ ഭാഗമായി അലോക് ചൗധരിയുടെയും എസ്.ബി.എൽ എനർജിയുടെയും അമേരിക്കയിലുള്ള എല്ലാ സ്വത്തുക്കളും സാമ്പത്തിക താൽപര്യങ്ങളും മരവിപ്പിക്കും. കൂടാതെ, അമേരിക്കൻ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും ഇവരുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് പൊതുവെ വിലക്കിയിട്ടുണ്ട്. അതേസമയം, അമേരിക്കയുടെ ആരോപണങ്ങളോട് അലോക് ചൗധരിയോ എസ്.ബി.എൽ എനർജിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

